കേളകം: വിദ്യാഭ്യാസ വകുപ്പ് ഗൂഗിളുമായി ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന ജി സ്വീറ്റ്(G-suite)എന്ന ഓൺലൈൻ പഠന രീതിയെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്ന പദ്ധതിയാണ് സ്മാർട്ട് ടീച്ചർ 2.0. അതിന്റെ ഭാഗമായുള്ള മൂന്ന് ദിവസത്തെ അധ്യാപക പരിശീലനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ ഒരുവർഷത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കുന്നതിനായി 2020-21 അക്കാദമിക വർഷം കണ്ണൂർ ഡയറ്റ് അധ്യാപകർക്കായി ‘സ്മാർട്ട് ടീച്ചർ@ സ്മാർട്ട് സ്കൂൾ’ എന്ന പേരിൽ വിവരവിനിമയ സാങ്കേതിക വിദ്യയില്‍ പരിശീലനം നൽകുകയുണ്ടായി. ഇതിന്റെ തുടർച്ചയായാണ് ഈ വർഷവും പരിശീലനം നൽകുന്നത്. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി ഓൺലൈൻ പഠനം കൂടുതൽ ഫലപ്രദമാക്കാൻ ഈ പരിശീലനം അധ്യാപകരെ സഹായിക്കും. ഗൂഗിൾ മീറ്റ്, ഗൂഗിൾ ഷീറ്റ്, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ ഫോംസ് തുടങ്ങിയ മേഖലകളിൽ അധ്യാപകർക്ക് കൂടുതൽ പ്രാവീണ്യം നൽകുക, ഓൺലൈൻ പഠനത്തിന് സഹായകമായ വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പരിചയപ്പെടുക എന്നിവയാണ് ഈ പരിശീലനത്തിന്‍റെ ഉദ്ദേശ്യം. ഓൺലൈൻ അധ്യാപനത്തിൽ ആത്മവിശ്വാസത്തോടെ ഇടപെട്ട് നൂതന മാതൃകകൾ സൃഷ്ടിക്കാൻ അധ്യാപകരെ ഇത് പ്രാപ്തരാക്കും.
സ്കൂൾ ഐടി ലാബിൽ മൂന്ന് ദിവസങ്ങളിലായി നടന്ന അധ്യാപക പരിശീലന പരിപാടി ഹെഡ്മാസ്റ്റർ എം വി മാത്യു ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. എസ്ഐടിസി അനൂപ്കുമാർ പി വി, പരിശീലകരായ സീന ഇ എസ്, ജോബി ഏലിയാസ് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.