പേരാവൂർ: കുമ്മായം നല്കേണ്ടതിന് പകരം ഗുണനിലവാരം കുറഞ്ഞ ഡോളോമേറ്റ് നല്കി കൃഷി ഓഫീസർ കർഷകരെ വഞ്ചിച്ചതായി ആക്ഷേപം. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള വളയങ്ങാട് പാടശേഖരത്തിലെ കർഷകരാണ് വഞ്ചിക്കപ്പെട്ടത്. നെൽകൃഷിക്ക് വേണ്ടി പേരാവൂർ കൃഷിഭവൻ്റെ താത്കാലിക ചുമതല വഹിക്കുന്ന കൃഷി ഓഫീസറാണ് എറണാകുളത്ത് നിന്ന് നാലേ മുക്കാൽ ടൺ ഡോളോമേറ്റ് കുമ്മായത്തിന് പകരമായി നേരിട്ട് വാങ്ങി നല്കിയത്. ഇതാവട്ടെ ഉപയോഗിക്കാൻ പോലും പറ്റാത്ത ഗുണനിലവാരം കുറഞ്ഞതും.
പേരാവൂരിലെ ബയോ ഇൻപുട്ട് സെൻറർ വഴി ചാലോട് നിന്നാണ് സ്ഥിരമായി കർഷകർക്കുള്ള കുമ്മായം കൃഷിഭവൻ വാങ്ങി നല്കുന്നത്. വിലയുടെ 75 ശതമാനം സർക്കാരും 25 ശതമാനം ഗുണഭോക്താക്കളുമാണ് നല്കേണ്ടത്. എന്നാൽ, ഇത്തവണ കൃഷി ഓഫീസർ നേരിട്ട് ആലുവയിലെ കാവേരി ഫെർട്ടിലൈസർ ഇൻ്റസ്ട്രീസിൽ നിന്ന് ഗുണമേന്മയില്ലാത്ത ഡോളോമേറ്റ് വാങ്ങി നല്കുകയായിരുന്നു. കർഷകർ പരാതിപ്പെട്ടപ്പോൾ, സാമ്പിൾ പരിശോധനക്കയക്കുകയും ചെയ്തു. സർക്കാർ നിഷ്ക്കർക്കിച്ചതിലും മേലെ ന്യൂട്രലൈസിംങ്ങ് വാല്യു ( 121%) ഉണ്ടെന്ന പരിശോധന ഫലം നല്കുകയും ചെയ്തു. എന്നാൽ, സംശയം തോന്നിയ കർഷകർ തങ്ങൾക്ക് ലഭിച്ച ഡോളോമേറ്റിൽ നിന്ന് ശേഖരിച്ച സാമ്പിൾ പടന്നക്കാട്ടെ സെൻററിൽ അയച്ചപ്പോൾ വാല്യു 89% എന്നാണ് റിസൾട്ട് ലഭിച്ചത്.
കർഷകർക്ക് നല്കിയ ഡോളോമേറ്റിൽ നിന്നുള്ള സാമ്പിളിന് പകരം വേറെ ഗുണമേന്മയുള്ള ഡോളോമേറ്റാണ് കൃഷി ഓഫീസർ പരിശോധനക്കയച്ച് റിസൾട്ട് വാങ്ങി നല്കിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. നെൽക്കൃഷിക്ക് അനുയോജ്യമല്ലാത്ത മഗ്നീഷ്യം കലർന്ന ഡോളോമേറ്റ് മിശ്രിതമാണ് കർഷകർക്ക് കുമ്മായമെന്ന പേരിൽ നല്കി വഞ്ചിച്ചത്. ന്യൂട്രലൈസിംങ്ങ് വാല്യു 110 ശതമാനത്തിൽ കുറഞ്ഞാൽ നെൽകൃഷിക്ക് ഉപയോഗിക്കാൻ പറ്റില്ലെന്നാണ് കർഷകർ പറയുന്നത്.കുമ്മായത്തിന് പകരം ഗുണനിലവാരമില്ലാത്ത ഡോളോമേറ്റ് നല്കി കൃഷി ഓഫീസർ സാമ്പത്തിക അഴിമതി നടത്തിയെന്നാണ് കർഷകരുടെ ആരോപണം .