ഇരിട്ടി : ചെവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. വെറും 10 മിനിറ്റോളം പെയ്ത മഴയിലാണ് ഓഫിസുമുറ്റത്തും ഓഫീസിനകത്തും വെള്ളം കയറിയത്.
പയഞ്ചേരി മുക്ക് – പേരാവൂർ റോഡിൽ ബ്ലോക്ക് ഓഫിസിന് മുന്നിലുള്ള റോഡിലും ഓഫീസിലും വെള്ളം കയറുന്നതു പതിവായതിനെത്തുടർന്ന് ഏതാനും മാസം മുൻപാണ് ഓവുചാൽ വീതികൂട്ടിയും റോഡ് ഉയർത്തിയും വെള്ളക്കെട്ട് പരിഹരിക്കാനുള്ള പ്രവർത്തി നടത്തിയത്. എന്നാൽ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായെങ്കിലും ബ്ലോക്ക് ഓഫീസിലേക്ക് വെള്ളമെത്തുന്നതിന് പരിഹാരമായില്ല എന്നാണ് ഇത് തെളിയിക്കുന്നത്. ഒറ്റ മഴയിൽ ഇങ്ങിനെയാണ് സ്ഥിതിയെങ്കിൽ മഴ കനക്കുന്നതോടെ ഓഫീസിന്റെ താഴത്തെ നില മഴക്കാലം മുഴുവൻ വെള്ളത്തിലാകുന്ന അവസ്ഥയാണ് ഉണ്ടാവുക. കീഴൂർ മുതൽ ഒഴുകിവരുന്ന വെള്ളം മുഴുവൻ ഇവിടേയ്ക്ക് ഒഴുകിയെത്തുകയാണ്. ഇരിട്ടി ബസ് സ്റ്റാന്റ് മുതൽ തുടങ്ങി കീഴൂർ വരെ നീളുന്ന ഭാഗം മുൻപ് വലുകളായിരുന്നു. ഇതിൽ കുറെ ഭാഗം പഴശ്ശി പദ്ധതിക്കായി അക്വയർ ചെയ്യപ്പെട്ട സ്ഥലമാണ്. ഇതിൽ നിന്നും വിട്ടു കിട്ടിയ സ്ഥലം നികത്തിയാണ് ബ്ലോക്ക് പഞ്ചായത്തു ഓഫീസ് പണിതത്. ബാക്കി വയലിന്റെ മുക്കാൽ പങ്കും മണ്ണിട്ട് നികത്തി കെട്ടിടങ്ങളും വീടുകളും മറ്റും നിർമ്മിച്ച് കഴിഞ്ഞു. ഇതിൽ ആശുപത്രികൾ വരെ വരും . വയലേലകൾ നിർത്തിയതോടെ മഴവെള്ളം സംഭരിക്കുന്നതിനുള്ള ശേഷിക്കുറവുമൂലം ഈ ഭാഗങ്ങളിൽ നിന്നും ഒഴുകിവരുന്ന മഴവെള്ളമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മഴ കനത്താൽ ബ്ലോക്ക് ഓഫീസിനു സമീപമുള്ള കടകളിലും വെള്ളം കയറാൻ ഇടയുണ്ട് .