അയ്യൻകുന്ന്: വാർഡുതല ആർആർടി സജീവമാക്കാൻ പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. എ കാറ്റഗറിയിൽ ആയതിനാൽ പഞ്ചായത്ത് പരിധിയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ പ്രവർത്തിക്കാം. വ്യാപാര സ്ഥാപനങ്ങള്‍ മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എസ്എംഎസ് പ്രോട്ടോകോൾ, രജിസ്റ്റർ ബുക്ക് എന്നിവ ഉണ്ടാകണമെന്നും യോഗം നിർദേശിച്ചു.
വ്യാപാരികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് കൈവശം ഉണ്ടെങ്കിൽ മാത്രമേ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളു. അങ്ങാടിക്കടവ് അക്ഷയ സെന്ററുമായി 21 ന് സമ്പർക്കത്തിൽ വന്ന മുഴുവൻ ആൾക്കാരും 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതാണ്. പാലിയേറ്റീവ് കെയർ രോഗികൾക്ക് അടിയന്തരമായി വാക്സിനേഷൻ പൂർത്തീകരിക്കും. ആരാധാനാലയങ്ങളിൽ ഗവ. നിർദേശപ്രകാരം മാത്രം ആരാധനകൾ നടത്തണം. ആർടിപിസിആർ ടെസ്റ്റ് എല്ലാ ചൊവ്വാഴ്ചകളിലും അങ്ങാടിക്കടവ് പിഎച്ച്സി യിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതലും കരിക്കോട്ടക്കരി പിഎച്ച്സിയിൽ ഞായറാഴ്ച രാവിലെ ഒൻപത് മുതലും നടക്കും. യോഗത്തിൽ പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലിസി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി വിശ്വനാഥൻ, മെഡിക്കൽ ഓഫീസർ ഡോ.അനു ജോസ്, എച്ച്ഐ രാജീവ്, മോഹൻദാസ്, വില്ലേജ് ഓഫീസർ മനോജ്, സെക്രട്ടറി ടി.എം. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
previous post