തിരുവനന്തപുരം: കേന്ദ്രസർക്കാർ കോവാക്‌സിൻ ലഭ്യമാക്കാത്തതിനാൽ ആദ്യഡോസെടുത്ത് രണ്ടാം ഡോസിന് സമയമായ പലർക്കും വാക്സിൻ നൽകാനാകുന്നില്ല. നാലുമുതൽ ആറ് ആഴ്ചയ്‌ക്കുള്ളിലാണ് കോവാക്സിൻ രണ്ടാം ഡോസെടുക്കേണ്ടതെങ്കിലും ഇതിനാവശ്യമായ ഡോസ് കേന്ദ്രത്തിൽനിന്നും ലഭ്യമാകുന്നില്ല. സംസ്ഥാന സർക്കാർ വിലകൊടുത്തുവാങ്ങുന്ന വാക്‌സിൻകൂടിയാണ് ഇപ്പോൾ കുത്തിവയ്‌ക്കുന്നത്.
ഞായറാഴ്ചവരെ കേന്ദ്രം അനുവദിച്ച 48,230 ഡോസ് കോവാക്സിൻ മാത്രമാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. സംസ്ഥാനം വില കൊടുത്തുവാങ്ങിയ 17,450 ഡോസും ബാക്കിയുണ്ട്. 45 വയസ്സിന് മുകളിലുള്ളവർക്ക് അടുത്ത ഡോസ് നൽകണമെങ്കിൽ കേന്ദ്രം കൂടുതൽ ഡോസ് അനുവദിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. റീജ്യണൽ വാക്സിൻ സെന്ററുകളിൽ കോവാക്സിൻ സ്‌റ്റോക്കില്ലാത്തതും പ്രതിസന്ധിയായി. 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് സംസ്ഥാനം നേരിട്ട് വാങ്ങുന്ന കോവാക്സിനാണ് നിലവിൽ നൽകുന്നത്.
രണ്ട് ഘട്ടമായി സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന കോവാക്സിൻ ലോഡ് എത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ആരോഗ്യവകുപ്പ് പ്രതിനിധി വ്യക്തമാക്കി. അതെസമയം, കോവാക്സിൻ എത്തുന്നതനുസരിച്ച് രണ്ടാം ഡോസുകാർക്ക് മുൻഗണന നൽകി വിതരണം പൂർത്തിയാക്കുമെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടായെന്നും സംസ്ഥാനത്തെ വാക്സിൻ വിതരണ കോഓർഡിനേഷൻ വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനായി കൂടുതൽ വാക്സിൻ സംസ്ഥാനം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.