ഇരിട്ടി: ലക്ഷങ്ങൾ മുടക്കി വെള്ളവും വളവും നൽകി വളർത്തിയ വാഴകൾ കുലച്ച് പഴുത്ത് നശിക്കുന്നത് നോക്കി നിൽക്കുകയാണ് ഇരിട്ടിയുടെ മലയോരമേഖലയിലെ കർഷകർ. വിളവെടുപ്പു സമയം പിന്നിട്ടിട്ടും അടച്ചിടൽ മൂലം വിപണി കണ്ടെത്താൻ കഴിയാത്തതാണ് വാഴകർഷകർക്ക് ദുരിതമായിരിക്കുന്നത് . കഴിഞ്ഞവർഷവും പ്രളയവും കൊവിഡിന്റെ ഒന്നാം ഘട്ട അടച്ചിടലും വാഴക്കർഷകരുടെ നേരിട്ടെല്ലൊടിച്ചിരുന്നു. അതിൽ നിന്നും കരകയറാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്തവണയും കൃഷിയിറക്കിയത്. എന്നാൽ കോവിടിന്റെ രണ്ടാം വരവ് ഇവർക്ക് കൂനിന്മേൽ കുരുവാകുകയായിരുന്നു.
പായം പഞ്ചായത്തിലെ മാതൃകാ കർഷകനായ പരുത്തിവയലിൽ ജോണിയാണ് മേഖലയിൽ പ്രതിസന്ധി നേരിടുന്ന ഒരു വാഴകര്ഷകന്. വാഴകൃഷിയിലൂടെ മാതൃകാകർഷകനെന്ന നിലയിൽ ജില്ലയിൽ തന്നെ ഒട്ടേറെ പുരസ്ക്കാരത്തിനർഹനായ കൃഷിക്കാരനാണ് ജോണി. ഇദ്ദേഹം കഴിഞ്ഞ വര്ഷം പായം പഞ്ചായത്തിലെ മാടത്തി, കടത്തം കടവ്, പെരുമ്പറമ്പ് എന്നിവിടങ്ങളിലായി അയ്യായിരത്തോളം വാഴ കൃഷി നടത്തിയിരുന്നു. അടച്ചിടലിന്റെ ആദ്യ ഘട്ടത്തിൽ കൃഷിയിറക്കിയ വാഴകളിൽ മൂവായിരത്തോളം വാഴകൾ കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്നുള്ള ചുഴലിക്കാറ്റിൽ കടപുഴകി നശിച്ചിരുന്നു. അധ്വാനക്കൂലി പോലും ലഭിക്കാതെ അഞ്ചു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് അന്ന് ജോണിക്കുണ്ടായത്. ഇതിന് സർക്കാർ നൽകുമെന്ന് പറഞ്ഞ നാശനഷ്ടതുക പോലും ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും ജോണി പറയുന്നു. ഇതിൽ നിന്നും കരകയറാമെന്ന പ്രതീക്ഷയിലാണ് ഭാര്യയുടെയും മക്കളുടെയും സ്വർണ്ണാഭരണം ഉൾപ്പെടെ പണയപ്പെടുത്തിയും ബാങ്ക് വായ്പ്പയെടുത്തും വീണ്ടും കൃഷിയിറക്കിയത്. രണ്ടാം ഘട്ട കോവിഡ് വ്യാപനം ശക്തമാവുകയും അടച്ചിടൽ പ്രഖ്യാപിക്കുകയും ചെയ്തതോടെ എല്ലാ പ്രതീക്ഷയത്തെ തകർന്ന നിലയിലാണ് ജോണി. മൂപ്പെത്തിയ കുലകൾ പഴുത്ത് കിളികളും മറ്റും തിന്നു തീർക്കുകയാണ്.
അയ്യൻകുന്ന് പഞ്ചായത്തിലെ വലിയപറമ്പുങ്കരി സ്വദേശിയായ ചേരാടിക്കൽ ബിനോയിയും കോവിഡ് [പ്രതിസന്ധിയിലായ മറ്റൊരു കർഷകനാണ്. കരിക്കോട്ടക്കരിയിലെ സ്വകാര്യ വ്യക്തിയുടെ രണ്ടരയേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ഇയാൾ കൃഷിയിറക്കിയത്. വിളവെടുക്കാൻ ദിവസങ്ങൾ ശേഷിക്കേയാണ് കൊവിഡിന്റെ രണ്ടാം വ്യാപനവും അടച്ചിടലും എത്തിയത്. ഇതോടെ വിപണി കണ്ടെത്താനാകാതെ വിളവെടുക്കാറായ മൂന്നുടണ്ണോളം വാഴക്കുലകൾ മൂത്ത് പഴുത്ത് നശിക്കുകയാണ്
രണ്ടര ലക്ഷത്തോളം രൂപ ബാങ്ക് വായ്പ്പയെടുത്താണ് ബിനോയി ഭുമി പാട്ടത്തിനെടുത്ത് കരിക്കോട്ട ക്കരിയിൽ 1600 ഓളം വാഴ കൃഷിയിറക്കിയത്. ഉരുപ്പും കുറ്റിയിലും 1500 ഓളം വാഴകൾ കൃഷിയിറക്കിയെങ്കിലും അവിടെയും രണ്ടര ടൺ ഓളം തൂക്കം വരുന്ന വാഴക്കുലകൾ വിളവെടുപ്പു പ്രായം പിന്നിട്ടിരിക്കുകയാണ്. വിപണി പൂർണ്ണമായും അടഞ്ഞുകിടന്നതോടെ വാഴക്കുലകൾ ആവശ്യക്കാരില്ലാതെ തോട്ടത്തിൽ തന്നെ പഴുത്ത് ചീഞ്ഞ് നശിക്കുകയാണെന്ന് ബിനോയ് പറഞ്ഞു. ബാങ്ക് വായ്പപോലും തിരിച്ചടക്കാൻ കഴിയാതെ കണ്ണീരണിഞ്ഞിരിക്കുകയാണ് ജോണിയേയും ബിനോയിയെയും പോലുള്ള മലയോരത്തെ വാഴ കർഷകർ.
അടച്ചിടലിന് മുൻപ് 40-45 രൂപയ്ക്കാണ് മലയോര കർഷകർ മൊത്തക്കച്ചവടക്കാർക്ക് നൽകിയിരുന്നത് . ഇത് 30-35 രുപയായി താഴുകയും അടച്ചിടൽ പ്രഖ്യാപിച്ചതോടെ ആ വിലയ്ക്കും വാഴക്കുലയെടുക്കാൻ ആളില്ലാത്ത അവസ്ഥയിലുമായി . 20-25 രൂപ നിരക്കിൽ കർണ്ണാടകത്തിൽ നിന്നും മറ്റും കുലകൾ വൻതോതിൽ എത്തുന്നതും ഉള്ള വിപണിയിൽ വിലയിടിയുന്നതിനും കാരണമായി. കർഷകരെ സഹായിക്കുന്നതിനായി തറവില നിശ്ചയിച്ച് വാഴക്കുലകൾ സംഭരിക്കാൻ കഴിഞ്ഞ സർക്കാർ തീരുമാനമെടുത്തിരുന്നെങ്കിലും ഇതും നടപ്പിലായില്ലെന്നാണ് കർഷകർ പറയുന്നത്. സർക്കാരും കൃഷി വകുപ്പും ഇടപെട്ട് തങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാര മുണ്ടാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.