തിരുവനന്തപുരം: കോവിഡ് ദുരിതകാലത്ത് ആശ്വാസമേകാനായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിൽ സർക്കാർ വാഗ്ദാനം ചെയ്ത പലിശ സബ്സിഡിയുടെ രണ്ടാംഘട്ടമായി 93 കോടി രൂപ മുൻകൂറായി അനുവദിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഈ പദ്ധതിയിലൂടെ 1917.55 കോടി രൂപ വായ്പ നൽകി കുടുംബശ്രീ അംഗങ്ങളായ 25.17 ലക്ഷം പേർക്ക് സഹായമേകാൻ സർക്കാരിന് സാധിച്ചിരുന്നു.
മുൻവർഷം ഒന്നാം ഗഡുവായി 165.04 കോടി രൂപ സർക്കാർ സബ്സിഡി നൽകിയിരുന്നു. കുടുംബശ്രീയുടെ നടപ്പ് പരിപാടികളുടെ ബജറ്റ് ശീർഷകത്തിൽ നിന്നാണ് തുക അനുവദിച്ചത്. കോവിഡ് കാലത്തെ അടച്ചുപൂട്ടൽ മൂലം ദുരിതത്തിലായ കുടുംബങ്ങളെ ചേർത്തുപിടിക്കാനുള്ള പിണറായി സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് സഹായഹസ്തം പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.