ഇരിട്ടി: ഉരുൾപൊട്ടൽ ഭീഷണിയും മഴക്കാല ദുരന്തങ്ങളും പ്രതിരോധിക്കുന്നതിന് ഭാഗമായി ഉളിക്കല്‍ പഞ്ചായത്തിലെ വിവിധ കരിങ്കല്‍ ക്വാറികളില്‍ ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മിന്നല്‍ പരിശോധന നടത്തി. മുൻകാല പ്രളയ ദുരന്തത്തിൻ്റെ അടിസ്ഥാനത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നതോടെ. ഉരുള്‍ പൊട്ടല്‍ സാധ്യതയുണ്ടാകുമെന്ന പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തധികൃതരും റവന്യൂഉദ്യോഗസ്ഥരും സംയുക്തമായി വിവിധ ക്വാറികളിൽ മിന്നൽപരിശോധന നടത്തിയത്.
ഉളിക്കല്‍ പഞ്ചായത്തിലെ കോളിത്തട്ട്, പേരട്ട, അറബി മേഖലകളിലെ കിണറുകളിലെ വെള്ളം കലങ്ങുകയും തോടുകളില്‍ വന്‍ തോതില്‍ ചെളിവെള്ളം ഒഴുകുന്നതും കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിൽ കരിങ്കല്‍ ക്വാറി മിശ്രിതങ്ങൾ വെള്ളത്തിൽ കലരുന്നതായി കണ്ടെത്തി . മുന്‍വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള പ്രതിഭാസം ഉണ്ടാവുകയും കാലവർഷത്തിൽ മേഖലയില്‍ ഉരുള്‍പൊട്ടലും പ്രളയ ദുരന്തവുമുണ്ടാവുകയും ചെയ്തിരുന്നു. ഇത് കണക്കിലെടുത്ത് പ്രദേശത്തെ കരിങ്കൽ ക്വാറികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഉളിക്കൽ പഞ്ചായത്തധികൃതർക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സി. ഷാജി, സെക്രട്ടറി ബാബു ജോസഫ്, വയത്തൂര് വില്ലേജ് ഓഫിസർ ടി.സിനി, ഉളിക്കല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ കെ.ജെ. ജോര്‍ജ്ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഹീം , പഞ്ചായത്തംഗം ഇന്ദിര പുരുഷോത്തമൻഎന്നിവരടങ്ങുന്ന സംഘം കോളിത്തട്ടിലെ ക്വാറികളില്‍ മിന്നല്‍ പരിശോധന നടത്തിയത്. പ്രവര്‍ത്തി നടക്കുന്ന ക്വാറികളില്‍ ചിലതില്‍ വലിയ തോതില്‍ വെള്ളം കെട്ടി നില്ക്കുന്നതും, ഉരുള്‍പൊട്ടലിനു കാരണമാകുന്ന തരത്തില്‍ മണ്‍തിട്ട വിണ്ടുകീറിയതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് ഇത്തരം ക്വാറികള്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.