ന്യൂഡൽഹി:കോവിഡ് ചികിത്സയ്ക്കായി പൊതുമേഖല ബാങ്കുകൾ 25,000 രൂപമുതൽ അഞ്ച് ലക്ഷം രൂപവരെ ഈടില്ലാതെ വ്യക്തിഗത വായ്‌പ നൽകും. ആരോഗ്യപരിരക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 100 കോടിവരെ വായ്‌പ നൽകുമെന്നും ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ ചെയർമാൻ രാജ്‌കിരൺ റായ്, എസ്‌ബിഎ ചെയർമാൻ ദിനേശ് ഖരെ എന്നിവർ അറിയിച്ചു.
വ്യക്തിഗത വായ്‌പകൾക്ക് എസ്‌ബിഐയില്‍ 8.5 ശതമാനം പലിശ. ഇത്തരം വായ്‌പ നല്‍കാന്‍ ബാങ്കുകൾക്ക് 50,000 കോടി ലഭ്യമാക്കുമെന്ന് റിസർവ്‌ബാങ്ക് പ്രഖ്യാപിച്ചിരുന്നു. കോവിഡ് ബാധിതർക്കും കുടുംബാംഗങ്ങൾക്കും വായ്‌പ എടുക്കാം. അഞ്ച് വർഷം തിരിച്ചടവ് കാലാവധി.
ആശുപത്രികൾ, നേഴ്‌സിങ് ഹോമുകൾ, ക്ലിനിക്കുകൾ, ലാബുകൾ അടക്കം രോഗനിർണയ, പരിശോധന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കാനാണ് ബിസിനസ് വായ്‌പ.
മെട്രോ നഗരങ്ങളിൽ 100 കോടി രൂപവരെയും മറ്റ് പ്രധാന നഗരങ്ങളിൽ 20 കോടി രൂപവരെയും ചെറുപട്ടണങ്ങളിൽ 10 കോടി രൂപയും ഇത്തരത്തിൽ നൽകും. തിരിച്ചടവ് കാലാവധി 10 വർഷം.
വ്യക്തികളും ചെറുകിട സംരംഭങ്ങളും എടുത്ത 25 കോടി രൂപവരെയുള്ള വായ്‌പകളുടെ തിരിച്ചടവ് പുനഃക്രമീകരിക്കാനും പൊതുമേഖല ബാങ്കുകൾ സൗകര്യം ഒരുക്കും. മെയ് മുതലുള്ള തിരിച്ചടവ് പുനഃക്രമീകരിക്കാൻ ഒരു മാസത്തിനകം അപേക്ഷിക്കണം.