ന്യൂഡൽഹി:കോവിഡ് മഹാമാരി അനാഥരാക്കിയ കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ സംസ്ഥാനങ്ങൾ നിറവേറ്റണമെന്ന് സുപ്രീംകോടതി. കേരളം സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് നിർദേശം. ‘കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് കേരള സര്‍ക്കാര്‍ സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത് മാധ്യമങ്ങളിൽനിന്ന് അറിഞ്ഞു. എല്ലാ സംസ്ഥാനവും ഇത്തരം നടപടി സ്വീകരിക്കണം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ഭക്ഷണമില്ലാതെ തെരുവിൽ അലയുന്ന കുട്ടികളുടെ വിഷമം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തിരിച്ചറിയണം. കോടതി ഉത്തരവുകൾക്ക് കാത്തുനിൽക്കാതെ ഇടപെടണം’–- ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനും ജസ്റ്റിസ് അനിരുദ്ധ ബോസ് അംഗവുമായ ബെഞ്ച് നിരീക്ഷിച്ചു.
ഇത്തരം കുട്ടികളുടെ വിശദാംശം ജില്ലാ അധികൃതർ ദേശീയ ബാലാവകാശ കമീഷന്റെ ‘ബാൽസ്വരാജ്’ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇവരുടെ വിശദാംശം ഞായറാഴ്‌ചയ്‌ക്കുള്ളിൽ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കണം. ചൊവ്വാഴ്‌ച വിഷയം വീണ്ടും പരിഗണിക്കും. അമിക്കസ്‌ക്യൂറി അഡ്വ. ഗൗരവ് അഗർവാളാണ് വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.