ഭക്തജനങ്ങളില്ലാത്ത കൊട്ടിയൂർ വൈശാഖമഹോത്സവം നടത്തപ്പെടുന്നത് ഇത് രണ്ടാമത്തെ വർഷമാണ്. കോവിഡ് പശ്ചാത്തലത്തിൽ ഭക്തജനങ്ങൾക്കു പ്രവേശനമില്ലെന്നുമാത്രമല്ല നിരവധി സ്ഥാനികരും പാരമ്പര്യക്കാരും പങ്കെടുക്കേണ്ട ചടങ്ങുകൾ പോലും പരിമിതമായ സ്ഥാനീകരാണ് നിർവഹിക്കുന്നത്. പാരമ്പര്യ ആചാരങ്ങളുടെ തനിമ നഷ്ടപ്പെടാതെ ചടങ്ങുകൾ നടത്തപ്പെടുന്നു. തിങ്കളാഴ്ചയാണ് തിരുവോണാരാധന. നാല് ആരാധനകളിൽ ആദ്യത്തേതാണ് തിരുവോണാരാധന. സാധാരണ വർഷങ്ങളിൽ അലങ്കാരവാദ്യങ്ങൾ തുടങ്ങുന്നതും ഉത്സവാന്തരീക്ഷം കൂടുതൽ ആർഭാടപൂർണ്ണമാകുന്നതും തിരുവോണാരാധന മുതലാണ്. കൂത്തും, പാഠകവും ആരംഭിക്കുന്നതും തിരുവോണാരാധന ദിവസമാണ്.