22.9 C
Iritty, IN
July 8, 2024
  • Home
  • Thiruvanandapuram
  • ന്യൂനപക്ഷ ക്ഷേമപദ്ധതി: ഹൈക്കോടതി വിധി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി………….
Thiruvanandapuram

ന്യൂനപക്ഷ ക്ഷേമപദ്ധതി: ഹൈക്കോടതി വിധി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി………….

തിരുവനന്തപുരം : ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ഭാഗമായി വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുണ്ടായിരുന്ന 80:20 എന്ന മുസ്ലിം ക്രിസ്ത്യന്‍ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസ്തുത അനുപാതം കേരളത്തില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്നതാണ്. പൊതുവെ അംഗീകരിക്കപ്പെട്ട് വന്നതുമാണ് ഇത്. കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകളും ഇതാണ് നടപ്പാക്കി വന്നത്. കോടതിവിധി സംബന്ധിച്ച് വിവിധ വശങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ടെന്നും അതിനുശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ഭാഗമായി വിദ്യാര്‍ഥി സ്‌കോളര്‍ഷിപ് നല്‍കുന്നതിന് 80:20 എന്ന മുസ്ലിം ക്രിസ്ത്യന്‍ അനുപാതം സ്വീകരിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ഇക്കാര്യത്തില്‍ 2015-ല്‍ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. സര്‍ക്കാര്‍ ഉത്തരവ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ അഭിഭാഷകനായ ജസ്റ്റിന്‍ പള്ളിവാതുക്കലാണ് കോടതിയെ സമീപിച്ചത്. ജനസംഖ്യ പരിശോധിച്ച് ആനുപാതികമായി ആനുകൂല്യം പുതുക്കാന്‍ കോടതി നിര്‍ദേശിച്ചു.

മുസ്ലിം, ലത്തീന്‍ കത്തോലിക്കര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ തുടങ്ങിയ കേന്ദ്ര പട്ടികപ്രകാരമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഒരുപോലെയാകണം ആനുകൂല്യങ്ങള്‍ നല്‍കേണ്ടതെന്ന് കോടതി വ്യക്തമാക്കി. നിലവിലെ അനുപാതം തയ്യാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ 80 ശതമാനം മുസ്ലിം വിഭാഗത്തിനും ശേഷിക്കുന്ന 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു നിലവിലെ അനുപാതം.

Related posts

ഓക്‌സിജൻ എത്തിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും; പരിശീലനം നാളെ മുതൽ…

Aswathi Kottiyoor

വികസനത്തിൽ പിന്നോട്ടില്ല; നിക്ഷിപ്‌ത താൽപ്പര്യക്കാർക്ക്‌ വഴിപ്പെടില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി…

Aswathi Kottiyoor
WordPress Image Lightbox