ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകളുടെ അക്രമം തുടരുന്നു. ഫാമിന്റെ കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്ന കാട്ടനക്കൂട്ടം കഴിഞ്ഞ രാത്രി ഫാം ഹയർസെക്കണ്ടറി സ്കൂ ളിന്റെ ചുറ്റുമതിൽ തകർത്തു. കോവിഡ് രോഗികൾക്കുള്ള ഡി സി സി ആയി പ്രവർത്തിക്കുന്ന സ്ക്കൂൾ പരിസരത്ത് ജനങ്ങളെ ഭീതിയിലാക്കിയായിരുന്നു ആനകളുടെ വിളയാട്ടം. രണ്ട് വർഷത്തിനിടയിൽ മൂന്നാം തവണയാണ് ആനക്കൂട്ടം സ്‌കൂളിന്റെ മതിൽ തകർക്കുന്നത്. ഫാമിന്റെ രണ്ടാം ബ്ലോക്കിലും മൂന്നാം ബ്ലോക്കിലുമായി നൂറുകണക്കിന് കൊക്കോ മരങ്ങളും തെങ്ങുകളും ആനക്കൂട്ടം കുത്തി വീഴ്ത്തി. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് ആനക്കൂട്ടം നശിപ്പിച്ചത്. രണ്ടാഴ്ച മുൻപ് ഫാം നേഴ്‌സറിയുടെ ഗെയിറ്റും കമ്പിവേലിയും ഗോഡൗണിന്റെ വാതിലും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.
ഫാം പുനരധിവാസ മേഖലയിലെ കോവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം അത്യവശ്യ തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ജോലിക്കെത്തുന്നത് . നൂറുകണത്തിന് ഏക്കർ വ്യാപിച്ചു കിടക്കുന്ന കൃഷിയിടമായതിനാൽ ഏതൊക്കെ മേഖലകളിൽ ആനകൾ നാശം വരുത്തിയിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. വനത്തിന് സമാനമായി ഇരുപതിലേറെ ആനകളെങ്കിലും ഫാമിനുള്ളിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ഫാമിൽ തമ്പടിച്ചു കിടന്നിരുന്ന ആനക്കൂട്ടങ്ങളെ മൂന്ന് മാസം മുൻമ്പ് വനത്തിലേക്ക് തുരത്തിയിരുന്നു. ഈ ആനകളാണ് വീണ്ടും കൃഷിയിടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഫാമിൽ കശുവണ്ടിയും ചക്കയും കുറഞ്ഞതോടെ മറ്റ് പ്രദേശങ്ങളിലേക്കും ആനകൂട്ടം പ്രവേശിക്കുകയാണ്.
ബാവലി പുഴകടന്ന് വന്ന ആനക്കൂട്ടങ്ങൾ മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ ജനവാസ മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നാശം വരുത്തിയിരുന്നു. രാത്രി പുഴകടന്ന് ജനവാസ മേഖലയിൽ പ്രവേശിക്കുന്ന ആനക്കൂട്ടം പുലർച്ചയോടെ ഫാമിനുള്ളിലേക്ക് തരികെ പ്രവേശിക്കുകയാണ്. ആനയെ വനത്തിലേക്ക് തുരത്താതെ രക്ഷയില്ലെന്നാണ് സമീപ വാസികൾ പറയുന്നത്.
വന്യമൃഗ ശല്യം തുടരുകയാണെങ്കിൽ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന കോവിഡ് രോഗികളെ പാർപ്പിക്കുന്ന ഡി സി സി സെന്ററിന്റെ പ്രവർത്തനവും താളം തെറ്റും. ഇക്കാര്യത്തിൽ വനം കുപ്പ് നടപടി സ്വീകരിക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. തകർത്ത മതിൽ പുതുക്കിപ്പണിയാൻ സ്‌കൂളിന് സാമ്പത്തിക ശേഷിയില്ല. വനം വകുപ്പോ പട്ടിക വർഗ്ഗ വികസന വകുപ്പോ മതിൽ പുതുക്കിപ്പണിയാൻ തുക അനുവദിക്കണമെന്ന് പി ടി എ പ്രസിഡന്റ് കെ.ബി. ഉത്തമൻ ആവശ്യപ്പെട്ടു.