24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി വീണ ജോര്‍ജ് മേയ് 28 സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്‍ത്തന ദിനം………..
Thiruvanandapuram

സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി വീണ ജോര്‍ജ് മേയ് 28 സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്‍ത്തന ദിനം………..

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിക്കാലത്ത് കടന്നുവരുന്ന സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്‍ത്തന ദിനത്തിന് (International Day of Action for Women’s Health) ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ വലിയൊരു ശതമാനം സ്ത്രീകളാണ്. കോവിഡ് പോരാട്ടത്തില്‍ അവരുടെ സേവനം ഒരിക്കലും വിസ്മരിക്കാനാകില്ല. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജെ.പി.എച്ച്.എന്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി ലക്ഷക്കണക്കിന് പേരാണ് നാടിന്റെ രക്ഷയ്ക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത്. നാടിന്റെ സുരക്ഷയോടൊപ്പം എല്ലാവരും സ്വന്തം സുരക്ഷയും ശ്രദ്ധിക്കണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് എല്ലാവരും സുരക്ഷിതരാകണം. എല്ലാവര്‍ക്കും ഈ ദിനത്തില്‍ ആശംസയും നന്ദിയും അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മഹാമാരി കാരണം സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങള്‍ ലോകത്ത് പലയിടത്തും നിലനില്‍ക്കുകയാണ്. കോവിഡ് കാലത്ത് ഓഫീസിലെ ജോലിയും വീട്ടിലെ ജോലിയും വീട്ടിലിരുന്ന് ചെയ്യേണ്ടി വരുന്ന പല സ്ത്രീകളുമുണ്ട്. കോവിഡ് വ്യാപനം കാരണം പല സ്ത്രീകളും സ്ത്രീ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടാന്‍ വൈമുഖ്യം കാണിക്കാറുണ്ട്. ഇത് ശാരീരികാരോഗ്യത്തെ വല്ലാതെ ബാധിക്കും. സ്ത്രീകളുടെ പോഷകാഹാരവും മാനസികാരോഗ്യവും ഏറെ ശ്രദ്ധിക്കണം. അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയ്ക്കായി ആശുപത്രികള്‍ സജ്ജമാണ്. മാനസികാരോഗ്യത്തിനും പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ദിശ 104, 1056 വഴിയും ഇ സഞ്ജീവനി വഴിയും ചികിത്സയും വിദഗ്‌ധോപദേശവും തേടാവുന്നതാണ്.

കോവിഡ് മഹാമാരി കാലത്ത് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരായ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ലോകത്തെമ്പാടും മലയാളികളായ സ്ത്രീകള്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. വാക്‌സിനേഷന്‍ പ്രക്രിയയില്‍ ഒരുതുള്ളി വാക്‌സിന്‍ പോലും പാഴാക്കാത്ത നമ്മുടെ നഴ്‌സുമാര്‍ രാജ്യത്തിന്റെ അഭിമായി മാറിയിട്ടുണ്ട്.

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവരുടെ സമഗ്ര പുരോഗതിക്കും വേണ്ടി 2017-18ലാണ് വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ക്ഷേമത്തിനായി നിരവധി വികസനപദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഈ കോവിഡ് കാലത്തും അവരുടെ കരുതലിനായി വനിത ശിശുവികസന വകുപ്പ് എപ്പോഴും കൂടെയുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

Related posts

കോവിഡ് ചതിച്ചു, കടം, സാമ്പത്തിക പ്രതിസന്ധി; 3.32 ലക്ഷം പ്രവാസികള്‍ക്ക് തിരികെ പോകാനായില്ല- പഠനം.*

Aswathi Kottiyoor

കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു

Aswathi Kottiyoor

*6 ജില്ലയിൽ ഓറഞ്ച് അലർട്ട്; 9 ഡാമുകളിൽ റെഡ് അലർട്ട്; മഴക്കെടുതിയിൽ കേരളം.*

Aswathi Kottiyoor
WordPress Image Lightbox