24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൂട്ടുപുഴ പാലം നിർമ്മാണം പുരോഗമിക്കുന്നു – രണ്ടുമാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷ
Iritty

കൂട്ടുപുഴ പാലം നിർമ്മാണം പുരോഗമിക്കുന്നു – രണ്ടുമാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷ

ഇരിട്ടി: കോവിഡ് അതി വ്യാപനവും ഇതിനെത്തുടർന്ന് വന്ന ലോക്ക് ഡൗണും പ്രവർത്തി തടസ്സപ്പെടുത്തുമെന്ന് കരുതിയെങ്കിലും കൂട്ടുപുഴ പാലം നിർമ്മാണം പുരോഗമിക്കുന്നു. അഞ്ച് സ്പാനുകളിലായി നിർമ്മിക്കുന്ന പാലത്തിന്റെ 3-ാം സ്പാനിന്റെ ഉപരിതല സ്ലാബ് വാർപ്പ് പൂർത്തിയായി. 2 സ്പാൻ വാർപ് കൂടി പൂർത്തിയാക്കി ജൂലൈ 30 നുള്ളിൽ പാലം പ്രാവർത്തികമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡിന്റെ രണ്ടാം വരവും തുടർന്നുണ്ടായ അടച്ചിടലും പാലത്തിന്റെ നിർമ്മാണ പ്രവർത്തി തടസ്സപ്പെടുമെന്നായിരുന്നു കരുതിയത്. പ്രവർത്തിയിൽ ഏർപ്പെട്ട പകുതിയോളം അന്യ സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് മടങ്ങിയതും വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓക്സിജൻ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ നിർമാണ മേഖലയ്ക്ക് ഇളവ് നൽകി എന്ന പ്രഖ്യാപനം വന്നതോടെ ഇവിടെ അവശേഷിച്ച 21 തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തി തുടർന്നത്. ഇവർ 20 ദിവസം കൊണ്ട് ഒരു സ്പാൻ വാർക്കുകയായിരുന്നു .
കർണാടക വനം വകുപ്പിന്റെ തടസ്സവാദം മൂലം 3 വർഷത്തോളം മുടങ്ങി കിടന്ന പാലം പണി കഴിഞ്ഞ ജനുവരിയിലാണ് പുനരാരംഭിച്ചത്. 5 സ്പാൻ ഉള്ള പാലത്തിന്റെ 3 സ്പാൻ വാർപ്പാണ് പൂർത്തിയാകാനുണ്ടായിരുന്നത്. ഇതിൽ അവശേഷിച്ച 3 സ്പാനിൽ ഒന്നാണ് പൂർത്തിയായത്. അടുത്ത സ്പാനിന്റെ തൂൺ വാർപ്പ് അന്തിമഘട്ടത്തിലാണ്. ഫൗണ്ടേഷന്റേയും പിയറിന്റെയും പ്രവർത്തികൾ പൂർത്തിയായി. അടുത്ത ഘട്ടത്തിലുള്ള പിയർ ക്യാപും ഗർഡറും സ്ലാബ് വാർപ്പും 20 ദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു. അവസാനത്തെ സ്പാൻ കര പ്രദേശത്തായതിനാൽ മഴക്കാലത്തും പ്രവർത്തി നടത്തുന്നതിൽ തടസ്സമുണ്ടാവില്ല. പാലം പണിയുടെ ഇപ്പോഴുള്ള ഘട്ടങ്ങളിൽ വെൽഡിങ് അടക്കമുള്ള പ്രവൃത്തികൾക്ക് ഓക്സിജൻ സിലിണ്ടർ ആവശ്യമാണ്. കോവിഡ് പ്രതിസന്ധി വന്നതു മുതൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള സിലിണ്ടർ വിതരണം നിർത്തിയതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പകരമായി വെൽഡിങ് ആർക്ക് ഉപയോഗിച്ചും കട്ടർ ഉപയോഗിച്ചും പണി നടത്തുന്നതിന്റെ താമസവും നേരിടുന്നുണ്ട്.
കർണ്ണാടക വനം വകുപ്പ് 2017 ഡിസംബർ 27 നാണ് കൂട്ടുപുഴ പാലം പണി തടസപ്പെടുത്തിയത്. കർണാടക വനഭൂമിയിലാണ് പാലത്തിന്റെ മറുകര എത്തുന്നതെന്ന വാദം ഉയർത്തിയായിരുന്നു ഈ നീക്കം. തലശ്ശേരി – വളവുപാറ റോഡ് നവീകരണ പദ്ധതിയിൽപ്പെടുത്തിയാണ് കൂട്ടുപുഴ ഉൾപ്പെടെയുള്ള 7 പുതിയ പാലങ്ങളുടെ പണി നടക്കുന്നത്. 2018 സെപ്റ്റംബറിൽ പൂർത്തീകരിക്കേണ്ട നവീകരണ പദ്ധതി 4 തവണ കാലാവധി ദീർഘിപ്പിച്ചു നൽകേണ്ടി വന്നു. ഇരിട്ടി ഉൾപ്പെടെ 5 പാലങ്ങളുടെ പണി പൂർത്തിയായി. ഇനി എരഞ്ഞോളി, കൂട്ടുപുഴ പാലങ്ങളുടെ പ്രവർത്തിയാണ് അവശേഷിച്ചത്.

Related posts

ലോക ബാങ്ക് സഹായത്തോടെ ഇരിട്ടി നഗരസഭയിൽ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ്;പ്രാഥമിക നടപടി തുടങ്ങി

Aswathi Kottiyoor

ലേണേഴ്സ് പരീക്ഷയിൽ സമയമാറ്റം

Aswathi Kottiyoor

ഓപ്പൺ ന്യൂസ് 24 ഇരിട്ടിയിലെ ഹൈലൈറ്റ് ഫർണിച്ചറും സംയുക്തമായി ഒരുക്കിയ ഷോപ്പ് ആൻഡ് വിൻ മത്സരത്തിന്റെ നറുക്കെടുപ്പ് നടന്നു

Aswathi Kottiyoor
WordPress Image Lightbox