24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇടിഞ്ഞുവീണ മതിൽ പുനർ നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മണ്ണിനടിയിലായി
Iritty

ഇടിഞ്ഞുവീണ മതിൽ പുനർ നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മണ്ണിനടിയിലായി

ഇരിട്ടി: ഇടിഞ്ഞുവീണ മതിൽ പുനർനിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു. ബംഗാൾ സ്വദേശികളായ ജഹാംഗീർ , മുക്‌ളിത്ത് എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. അഗ്നിശമനസേനയും പോലീസും നാട്ടുകാരും നടത്തിയ സമയോചിത ഇടപെടൽ മൂലം രണ്ടു പേരെയും രക്ഷിക്കാനായി.
തിങ്കളാഴ്ച രാവിലെ 9 .30 തോടെ ഇരിട്ടി പാലത്തിന് സമീപം തന്തോട് ചാവറയിൽ ആയിരുന്നു അപകടം. കനത്തമഴയിൽ കഴിഞ്ഞ 16 ന് രാത്രി അഡ്വ. അറുവാങ്കൽ കുര്യച്ചന്റെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണിരുന്നു. മണ്ണുവീണ് സമീപ വാസിയായ ആലിലക്കുഴിയിൽ ജോസിന്റെ വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇടിഞ്ഞു വീണ മതിൽ പുനർ നിർമ്മിക്കാനുള്ള പ്രവർത്തിക്കിടെ ഇടിഞ്ഞഭാഗത്തെ മണ്ണ് രണ്ട് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. പുനർ നിർമ്മാണത്തിനിടെ ഭിത്തിക്ക് ബലം നാകാനായി കോൺക്രീറ്റ് ബീം തീർക്കുന്നതിനായി കുഴിച്ച കുഴിയിലായിരുന്നു രണ്ടു പേരും. മണ്ണുവീണ് കുഴി മൂടിയതിനൊപ്പം ഇരുവരും മണ്ണിനകത്തു പെട്ടു. ഇതിൽ ഒരാൾ പൂർണ്ണമായും മൂടിപ്പോയെങ്കിലും ഒരാൾ അരയോളം മണ്ണിലും മൂടിപ്പിക്കിടന്നു. ഓടിക്കൂടിയ നാട്ടുകാർ സമയോചിതമായി പ്രവർത്തിച്ച് അരയോളം മണ്ണിൽ മൂടിക്കിടന്ന മുക്ലിത്തിനെ പുറത്തെടുത്തു. തലയടക്കം മൂടിക്കിടന്ന ജഹാൻഗീറിന്റെ കഴുത്ത് വരെയുള്ള മണ്ണ് മാറ്റി ശ്വാസമെടുക്കാനുള്ള സംവിധാനമൊരുക്കി. അപ്പോഴേക്കും ഇരിട്ടിയിൽ നിന്നും അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ജഹാൻഗീറിനെയും പുറത്തെടുത്ത് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരിട്ടി അഗ്നിരക്ഷാ സേന അസി. സ്റ്റേഷൻ ഓഫീസർ ടി. മോഹനൻ, എസ് എഫ് ആർ ഒ ഫിലിപ്പ് മാത്യു, എഫ് ആർ ഒ ഡി മാരായ അനു , രാജൻ, എഫ് ആർ ഒ മാരായ അനീഷ് മാത്യു, ആർ. അനീഷ്, സഫീർ, റിജിത്ത് , ഹോംഗാർഡ് ചന്ദ്രൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ അനീഷ് കുമാർ, അരുൺ, ജസ്റ്റിൻ, അജിത്ത്, സജീവൻ എന്നിവരും ഇരിട്ടി പോലീസും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

Related posts

ഇരിട്ടിയിലെ ബാബൂസ് ഹോട്ടൽ ഉടമ ടി.പ്രകാശ് ബാബു നിര്യാതനായി

Aswathi Kottiyoor

കംപ്യുട്ടർ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

Aswathi Kottiyoor

ചോംകുന്ന് ശിവക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox