ന്യൂഡൽഹി:രാജ്യത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയതലത്തിൽ മരണനിരക്ക് 1.14 ശതമാനമായി ഉയർന്നു. കേരളത്തില്‍ 0.31 ശതമാനം. കേരളമടക്കം 18 ഇടത്ത് മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവ്, 18 ഇടത്ത് കൂടുതല്‍. ഏറ്റവും ഉയർന്ന മരണനിരക്ക് പഞ്ചാബില്‍–- 2.46 ശതമാനം. ഉത്തരാഖണ്ഡ്–- 1.85 ശതമാനം, സിക്കിം–- 1.71 ശതമാനം, ഡൽഹി–- 1.64 ശതമാനം, മഹാരാഷ്ട്ര–- 1.59 ശതമാനം, ഹിമാചൽ–- 1.54 ശതമാനം, ഗുജറാത്ത്–- 1.21 ശതമാനം, യുപി–- 1.15 ശതമാനം.
24 മണിക്കൂറില്‍ 4454 കോവിഡ് മരണം, രോഗികള്‍ 222315. ആകെമരണം 3.05 ലക്ഷം, രോഗികള്‍ 2.69 കോടി. കൂടുതൽ പ്രതിദിന മരണം മഹാരാഷ്ട്രയില്‍–- 1320, കർണാടക–- 624, തമിഴ്‌നാട്–- 422, യുപി–- 231, പഞ്ചാബ്–- 192, ഡൽഹി–- 189, ബംഗാൾ–- 156, രാജസ്ഥാൻ–- 113, ബിഹാർ–- 102മരണം.
മെയ് 17 മുതൽ പ്രതിദിന രോഗസംഖ്യ മൂന്ന് ലക്ഷത്തിൽ താഴെ. രോഗസ്ഥിരീകരണ നിരക്കും തുടർച്ചയായി കുറയുന്നു. മെയ് 04–-10 കാലയളവിൽ 21.40 ശതമാനമായിരുന്ന രോഗ നിരക്ക് മെയ് 18-–-24 കാലയളവിൽ 12.09 ശതമാനമായി.