രാജ്യത്തെ പൗരന്മാര്‍ക്ക് എന്ത് കൊണ്ട് സൗജന്യ വാക്‌സീന്‍ നല്‍കുന്നില്ലെന്ന് ഹൈക്കോടതി. ഫെഡറലിസം ഒക്കെ നോക്കേണ്ട സമയം ഇതല്ലെന്നും കോടതി പറഞ്ഞു. ആര്‍ബിഐ കേന്ദ്രത്തിന് നല്‍കിയ 54000 കോടി ഡിവിടണ്ട് ഉപയോഗിച്ച് വാക്‌സീന്‍ നല്‍കിക്കൂടെ എന്നും കോടതി ചോദിച്ചു. കഴിഞ്ഞ സിറ്റിങ്ങിൽ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വാക്‌സീന്‍ പോളിസിയില്‍ മാറ്റം വരുത്തിയതോടെ വാക്‌സീനേഷന്റെ എണ്ണം കുറഞ്ഞു എന്നാണ് ഹര്‍ജികാരനായ ഒറ്റപ്പാലം സ്വദേശി പ്രഭാകരൻ അടക്കം ആരോപിക്കുന്നത്. സംസ്ഥാനത്തിന് നല്‍കേണ്ടുന്ന വാക്സിന്റെ വിതരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു.
ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് ഇന്നും വ്യക്തമാക്കിയില്ല പൗരന്മാരുടെ. ജീവനുമായി ബന്ധപെട്ട വിഷയമായതിനാൽ സമയം കളയാൻ സാധിക്കില്ലെന്നും കോടതി വിമർശിച്ചു. വാക്സിന്‍ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും, സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമാണ് ഹര്‍ജി കഴിഞ്ഞ തവണ പരിഗണിച്ച വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ വാക്കാല്‍ അറിയിച്ചത്. ഇന്നും ആ വാദമാണ് കേന്ദ്രം ഉയർത്തിയത് .കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തു. എല്ലാ പ്രായക്കാര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കണം. കൂടാതെ താല്‍പ്പര്യമുള്ള മരുന്നുകമ്പനികൾക്ക് കൂടി നിര്‍മ്മാണാനുമതി നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.