ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്തില്‍ കോവിഡിനു പിന്നാലെ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പഞ്ചായത്ത് കോവിഡ് സുരക്ഷാസമിതി ചേര്‍ന്ന് ജാഗ്രത ശക്തമാക്കാന്‍ തീരുമാനിച്ചു.
പ്രമേഹ രോഗികളും കാന്‍സര്‍ രോഗികളും അവയവമാറ്റം നടത്തിയവരും പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പാലിക്കണം.
തലവേദന, കാഴ്ച മങ്ങല്‍, കണ്ണിനുചുറ്റും വേദന, മുക്കിന്റെ പാലം, അണ്ണാക്ക് എന്നിവിടങ്ങളില്‍ കറുപ്പ് കലര്‍ന്ന നിറവ്യത്യാസം എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടണം. ഈ രോഗം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നതല്ല. ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണിലടക്കം നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളും രാവിലെ ഏഴുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ പ്രവര്‍ത്തിക്കാം.
ഇന്നുമുതല്‍ ഏഴു ദിവസത്തേക്കാണു നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍.
ഒന്ന്, അഞ്ച്, ആറ് ഏഴ്, 11,12,17,18,19 എന്നീ വാര്‍ഡുകളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കാൻ ജില്ലാ കളക്ടറോട് അഭ്യര്‍ഥിക്കും.