കണ്ണൂർ: പേരാവൂർ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിൽ കോവിഡ് വ്യാപനം കൂടുന്നു. വിവിധ കോളനികളിലെ 250തിലധികം പേരെ പരിശോധിച്ചപ്പോൾ 100ലധികം പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ സ്രവ സാമ്പിളെടുത്തവരുടെ പരിശോധനാഫലം ഇനിയും വരാനുണ്ട്.
മുരിങ്ങോടിയിലെ എടപ്പാറ, കളക്കുടുമ്പ്, മേൽമുരിങ്ങോടിയിലെ പാറങ്ങോട്ട്, മണത്തണയിലെ ആക്കത്താഴെ, കോട്ടക്കുന്ന്, കാക്കേനി എന്നീ കോളനികളിലാണ് കോവിഡ് വ്യാപനം രൂക്ഷമായത്. മേൽ മുരിങ്ങോടി-മുരിങ്ങോടി കോളനികളിൽ എഴുപതിലധികവും മണത്തണയിൽ മുപ്പതിലധികവും രോഗികളാണുള്ളത്.
അതേസമയം, രോഗബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി പഞ്ചായത്തധികൃതരും ആരോഗ്യ വകുപ്പും രണ്ട് കരുതൽ കേന്ദ്രങ്ങളും ട്രൈബൽ സിഎഫ്എൽടിസിയും ഒരുക്കിയിട്ടുണ്ട്. മേൽ മുരിങ്ങോടി ജനാർദന എൽപി സ്‌കൂളിൽ ഒരുക്കിയ കരുതൽ കേന്ദ്രത്തിൽ 70 പേർക്കും മണത്തണ ജിഎച്ച്എസ്എസിലെ കരുതൽ കേന്ദ്രത്തിൽ 100 പേർക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. പേരാവൂർ സെയ്‌ന്റ് ജോസഫ്‌സ് എച്ച്എസ്എസിലാണ് ട്രൈബൽ സിഎഫ്എൽടിസി സജ്‌ജീകരിച്ചത്.
കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ വരാൻ ഭൂരിഭാഗം പേരും തയ്യാറാവാത്തതിനാൽ കോളനികളിൽ നേരിട്ട് ചെന്ന് സ്രവ പരിശോധന നടത്തിയതിനാലാണ് വ്യാപനം കണ്ടെത്താൻ കഴിഞ്ഞത്. ഇനിയും ചില കോളനികളിൽ കൂടി പരിശോധന നടത്താനുണ്ട്.
പേരാവൂർ പഞ്ചായത്ത് പരിധിയിൽ നിലവിൽ 419 കോവിഡ് രോഗികളാണുള്ളത്. 772 പേർ ക്വാറന്റെയ്നിലും കഴിയുന്നുണ്ട്. ഇതിനകം 13 മരണങ്ങളും പഞ്ചായത്തിൽ റിപ്പോർട് ചെയ്‌തു. ജില്ലയിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് പേരാവൂരിൽ പരിശോധന നടത്തുന്നവരുടെ എണ്ണം കൂടുതലാണ്.
പഞ്ചായത്ത് പരിധിയിൽ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പിപി വേണുഗോപാലൻ പറഞ്ഞു. ഫണ്ടിന്റെ അപര്യാപ്‌തത ഉണ്ടെങ്കിലും പഞ്ചായത്ത് പ്ളാൻ ഫണ്ടിൽ നിന്ന് കോവിഡ് വ്യാപനം തടയാൻ ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പേരാവൂരിലെ സിഎഫ്എൽടിസിയിൽ ഓക്‌സിജൻ ബെഡ് അടക്കം എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ പറഞ്ഞു. ആവശ്യത്തിന് ജീവനക്കാരെ എൻഎച്ച്എം നിയമിച്ചതിനാൽ ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ സജ്‌ജമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.