ഇരിട്ടി: കനത്ത മഴയിൽ വിറങ്ങലിച്ച് മലയോരം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തോരാതെ പെയ്യുന്ന മഴ. പെയ്തുതീരാത്ത മഹാമാരിയുടെ പിടിയിലമർന്ന് പകച്ചുനിൽക്കുന്ന ഇരിട്ടിയുടെ മലയോരമേഖലയെ തോരാത്ത മഴയും കൂടി പിടിമുറുക്കിയതോടെ വിറങ്ങലിച്ച് നിൽക്കുകയാണ് ഇവിടങ്ങളിലെ ജനങ്ങൾ.
ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാന വ്യാപകമായുള്ള കനത്ത മഴ വെള്ളിയാഴ്ച രാത്രി മുതൽ, മലയോരത്തും ശക്തമായി തിമിർത്തു പെയ്യുകയാണ്. മലയോര മേഖലയിൽ പരക്കേ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മുൻകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇരിട്ടി താലൂക്ക് ഓഫീസ് ഉണർന്നു പ്രവർത്തിച്ചു തുടങ്ങി. എല്ലാ വില്ലേജ് ഓഫിസർമാർക്കും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയതായും ഇരിട്ടി താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും സേവനം ലഭ്യമാകും വിധം കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായും ഇരിട്ടി താലൂക്ക് ഓഫിസർ ജോസ് ഈപ്പൻ അറിയിച്ചു. മുൻ കാലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചലും, വെള്ളപ്പൊക്കവുമുണ്ടായ പ്രദേശങ്ങളിലെ ആളുകളോട് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ പഴശ്ശി ഡാമിലെ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടില്ല. കനത്ത മഴ തുടരുകയാണെങ്കിൽ പഴശ്ശി ഡാം ജലസംഭരണിയിലെ ജലനിരപ്പ് ക്രമീകരിക്കാൻ പഴശ്ശി ഇറിഗേഷൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായും തഹസിൽദാർ അറിയിച്ചു.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാൽ മലയോര മേഖലയിൽ വൻ സുരക്ഷാ മുൻ കരുതൽ ഒരുക്കുന്നതിൻ്റെ ഭാഗമായി അഗ്നിശമന സേനാംഗങ്ങളോടും വൈദ്യുതി വകുപ്പ് ജീവനക്കാരോടും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവീകരണ പ്രവർത്തി നടത്തിയ ഉളിക്കൽ – കോക്കാട്- കണിയാർ വയൽ റോഡിലെ പെയ്യൂർക്കരിയിൽ കനത്ത മഴയെ തുടർന്ന് കോൺക്രീറ്റ് ഭിത്തി വിണ്ട് കീറി , റോഡിന്റെ പകുതിയോളം ഭാഗത്ത് വിള്ളൽ രൂപപ്പെട്ടതിനാൽ ഇത് വഴിയുള്ള ഗതാഗതം ഭാഗീകമായി നിലച്ചു.
ശനിയാഴ്ച രാവിലെ പെയ്ത കനത്ത മഴയിലാണ് റോഡിന്റെ കോൺക്രീറ്റ് സുരക്ഷ ഭിത്തിക്ക് വിള്ളൽ വീണത്. റോഡ് നവീകരണ പ്രവർത്തി പൂർത്തീകരിച്ച് ഗതാഗതം പൂർണ്ണമായി ആരംഭിക്കുന്നതിനും , മഴ ശക്തിപ്പെടുന്നതിനും മുന്നേ റോഡിൽ ഉണ്ടായ തകർച്ചാ ഭീഷണി നിർമ്മാണത്തിലെ അപാകതയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും രംഗത്തെത്തി. പരിക്കളം, തേർമല , കണിയാർ വയൽ നിവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് റോഡ് നവീകരിച്ച് മെക്കാടം ടാറിംഗ് നടത്തിയത്. എന്നാൽ ഓവു ചാൽ നിർമ്മാണത്തിൽ ഉൾപ്പെടെ അശാസ്ത്രീയത ഉണ്ടായതായും , വീടുകളിലും, കിണറുകളിലും മഴ വെള്ളം കയറുന്നതായും നാട്ടുകാർ ആരോപിക്കുന്നുണ്ട്. കാലവർഷത്തിൽ നുച്ചിയാട് പുഴ കരകവിഞ്ഞ് ഈ മേഖലയിൽ റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങുന്നത് കാലവർഷത്തിൽ പതിവായിരുന്നു. അതിനാലാണ് ഈ ഭാഗം മണ്ണിട്ട് ഉയർത്തി നവീകരിച്ചത്. ശക്തമഴ തുടർന്നാൽ ഈ ഭാഗം പൂർണ്ണമായും ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ .