ഇരിട്ടി : ഉളിക്കൽ കലാങ്കിയിൽ നിന്നും ചാരായ നിർമ്മാണത്തിനായി തയ്യാറാക്കിവെച്ച 170 ലിറ്റർ വാഷ് ഇരിട്ടി റേഞ്ച് എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. ലോക്ക് ഡൗണിൽ മദ്യശാലകൾ അടച്ചതോടെ ഇതിന്റെ മറവിൽ നടക്കുന്ന വ്യാജചാരായ നിർമ്മാണം തടയുക എന്ന ലക്ഷ്യത്തോടെ ഇരിട്ടി റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിൽ ഉളിക്കൽ കലാങ്കി മേഖലകളിൽ നടന്ന പരിശോധനയ്ക്കിടെയാണ് വാഷ് പിടികൂടിയത്. കലാങ്കി പൂളക്കടവിലെ കാട്ടുപാലത്ത് മൈക്കിൾ എന്ന ജോണി (52 ) യുടെ വീടിന് പുറകിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു വാഷ്. എക്സൈസ് സംഘത്തെ കണ്ടയുടനെ പ്രതി ഓടി രക്ഷപ്പെട്ടു. വാഷ് വീട്ടിൽ സൂക്ഷിച്ചതിന് അബ്കാരി നിയമപ്രകാരം ഇയാൾക്കെതിരെ കേസ്സെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ കെ. രമീഷ് , ഷൈബി കുര്യൻ, പി.സുരേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
previous post