സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് (വിഎൽടി) ഡിവൈസും, എമർജൻസി ബട്ടണും സ്ഥാപിക്കാൻ ഹൈക്കോടതി ജൂണ്‍ 30 വരെ സമയം നീട്ടി നൽകി.
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ഉൾപ്പെടെ നൽകിയ ഉപഹർജികളിലാണു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വാഹനങ്ങളുടെ ലൊക്കേഷൻ കണ്ടെത്താനുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസും അടിയന്തര സാഹചര്യങ്ങളിൽ വാഹനം നിർത്താനുള്ള എമർജൻസി ബട്ടണും പൊതുഗതാഗതത്തിനുള്ള വാഹനങ്ങളിൽ നിർബന്ധമായും ഘടിപ്പിക്കണമെന്നു പെരുന്പാവൂർ സ്വദേശിയായ ജാഫർഖാൻ നൽകിയ ഹർജിയിൽ 2020 നവംബർ 23 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2021 ജനുവരി ഒന്നു മുതൽ നടപ്പാക്കാനായിരുന്നു നിർദേശിച്ചത്. പിന്നീട് കഴിഞ്ഞ മാർച്ചിൽ രണ്ടു മാസം കൂടി ഇതിനു സമയം നീട്ടിനൽകി. ഈ സമയപരിധി കഴിയാനിരിക്കെയാണു കൂടുതൽ സമയം തേടി കെഎസ്ആർടിസി ഉൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചത്.