കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാനസർക്കാർ. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഉത്തരവ് വായിച്ചുകേട്ടപ്പോൾ, ബഞ്ച് പ്രഥമദൃഷ്ട്യാ സർക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്സിംഗ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
ഉത്തരവിന്‍റെ വിശദാംശങ്ങൾ ഇങ്ങനെ:
നേരത്തേ തന്നെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും (മെഡിക്കൽ കോളേജുകളിൽ ഉൾപ്പടെ) 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. സഹകരണ, ഇഎസ്ഐ ആശുപത്രികളെ പൂർണമായും കൊവിഡ് ചികിത്സയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കായി സർക്കാർ നിർദേശിക്കുന്ന രോഗികൾക്കും KASP (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) പ്രകാരം ആനുകൂല്യം ലഭിക്കേണ്ടവർക്കും സൗജന്യ ചികിത്സ തന്നെ നൽകണമെന്ന് നേരത്തേ നിർദേശം പുറപ്പെടുവിച്ചിരുന്നു