ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ ലാപ് ടോപ്പുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കി. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും ,ഫോറൻസിക് വിഭാഗത്തിൽ നിന്നുള്ള വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരിട്ടിഹയർ സെക്കണ്ടറി സ്‌കൂൾ ഹൈസ്ക്കൂൾ ബ്ലോക്കിലെ കപ്യൂട്ടർ ലാബിൽ സൂക്ഷിച്ച 28 ലാപ്ടോപ്പുകൾ മോഷണം പോയതായി ശ്രദ്ധയിൽ പെട്ടത്. പ്രഥമാദ്ധ്യാപിക എൻ. പ്രീത ഓഫീസ് ജീവനക്കാർക്കൊപ്പം സ്‌കൂളിൽ എത്തി പരിശോധന നടത്തുന്നതിനിടെയാണ് ലാബിന്റെ പൂട്ടുപൊളിച്ച് ലാപ്‌ടോപ്പുകൾ കവർന്നതായി ശ്രദ്ധയിൽ പെടുന്നത്. കഴിഞ്ഞ 28ന് പത്താം ക്ലാസിലെ പൊതു പരീക്ഷ അവസാനിക്കുന്ന ദിവസമാണ് തുടർന്നു നടക്കുന്ന ഐ ടി പരീക്ഷ നടത്തുന്നതിനായി ഇത്രയും ലാപ്ടോപ്പുകൾ ലാബിൽ സജ്ജീകരിച്ചത് . കൊറോണാ വ്യാപനം മൂലം പരീക്ഷ മാറ്റിവച്ചിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന പല ഘട്ടങ്ങളിലായി സ്കൂളിന് നൽകിയ 8 ലക്ഷത്തോളം വിലവരുന്ന ലാപ്ടോപ്പുകളാണ് മോഷണം പോയത്.
ഇരിട്ടി പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.പി. രാജേഷിൻ്റെ നേതൃത്വത്തിൽ എസ് ഐമാരായ, എം. അബ്ബാസ് അലി, അഖിലേഷ്, കെ. ടി. മനോജ് എന്നിവരുൾപ്പെട്ട പ്രത്യേക പൊലിസ് സംഘത്തെയാണ് കേസ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
അന്വേഷണത്തിൻ്റെ ഭാഗമായി എത്തിയ ഡോഗ് സ്ക്വാഡിലെ പൊലിസ് നായ റിക്കി കപ്യുട്ടർ ലാബിൽ നിന്നും മണം പിടിച്ച് സ്കൂളിൻ്റെ ഓഡിറ്റോറിയത്തിനു പിറകിലുള്ള പഴയ ഓടിട്ട കെട്ടിടത്തിലെ മുറിയിൽ കയറിയ ശേഷം ഓഫിസ് കെട്ടിടത്തിനു പിറകിലുടെ സ്കൂൾ പാചകപുരയോട് ചേർന്ന ഇരിട്ടി താലൂക്ക് ആശുപത്രി റോഡിലെ മൊബൈൽ ടവറിനു സമീപം വരെ എത്തി നിന്നു. മോഷ്ടാക്കൾ കപ്യൂട്ടർ കവർച്ച നടത്തിയ ശേഷം ഇതുവഴി എത്തി വാഹനത്തിൽ രക്ഷപ്പെട്ടതായാണ് പൊലീസിൻ്റ പ്രഥമിക നിഗമനം
സ്കൂളിൻ്റെ പ്രധാന കവാടത്തിലെയും സ്കൂളിന് സമീപത്തെ സ്ഥാപനങ്ങളിലെയും സി സി ടിവി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്