ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് ശൈലജ ടീച്ചര്‍ നിയമസഭയിലെത്തുന്നത്. 60963 ആണ് ശൈലജ ടീച്ചറുടെ ഭൂരിപക്ഷം.കെ എം ഷാജിയുടെ ഒരു പരാമര്‍ശത്തിന് മറുപടി പറയുമ്പോൾ പെണ്ണ് ഭരിച്ചാല്‍ എന്താ കുഴപ്പമെന്ന ചോദ്യം ആരോഗ്യമന്ത്രി കെ കെ ശൈലജ ഉന്നയിച്ചിരുന്നു. പെണ്ണ് ഭരിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്നതിന്റെ തെളിവെന്നോണം റെക്കോർഡ് ഭൂരിപക്ഷവുമായാണ് ഇത്തവണ കെ.കെ ശൈലജ നിയമസഭയിലെത്തുന്നത്.
ഇടത് മുന്നണിയില്‍ നിന്ന് 10 പേരും യുഡിഎഫില്‍ നിന്ന് ഒരു വനിതയുമാണ് ഇത്തവണ നിയമസഭയിലെത്തുന്നത്. കെ കെ ശൈലജയ്‌ക്കൊപ്പം വീണാ ജോർജ്, യു പ്രതിഭ, ആർ ബിന്ദു, ഒ എസ് അംബിക, കെ ശാന്തകുമാരി, കാനത്തിൽ ജമീല, ജെ ചിഞ്ചുറാണി, ദലീമ ജോജോ, സി കെ ആശ എന്നിവരാണ് എല്‍ഡിഎഫിന്‍റെ വനിതാ എംഎൽഎമാർ. വടകരയിൽ നിന്ന് വിജയിച്ച കെ കെ രമ മാത്രമാണ് ഏക യുഡിഎഫ് വനിതാ എംഎല്‍എ.
യുഡിഎഫിന് കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ഒരു വനിതാ എംഎല്‍എ മാത്രമാണുള്ളത്. വടകരയില്‍ നിന്ന് മത്സരിച്ച ആര്‍എംപി നേതാവ് കെ കെ രമ.
കഴിഞ്ഞ സഭയിൽ എൽഡിഎഫിന് എട്ട് വനിതാ എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ മന്ത്രിസ്ഥാനവും വഹിച്ചു. ആരോഗ്യ വകുപ്പിനെ കെ കെ ശൈലജയും ഫിഷറീസ് വകുപ്പിനെ ജെ മേഴ്‌സിക്കുട്ടിയമ്മയും നയിച്ചു. മേഴ്‌സികുട്ടിയമ്മ ഇത്തവണയും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ 15 വനിതകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി ജനവിധി തേടിയത്.
യുഡിഎഫിനായി 12 വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. പി കെ ജയലക്ഷ്‌മി, പദ്മജ വേണുഗോപാൽ, ബിന്ദു കൃഷ്‌ണ ഉൾപ്പെടെയുള്ളവര്‍. 25 വർഷത്തിന് ശേഷം മുസ്‍ലിം ലീഗ് കോഴിക്കോട് സൗത്തിൽ മത്സരിപ്പിച്ച നൂർബിന റഷീദും പരാജയപ്പെട്ടു. വനിതകള്‍ക്ക് യുഡിഎഫ് അര്‍ഹമായ പ്രാധാന്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് സ്വതന്ത്രയായി മത്സര രംഗത്തുണ്ടായിരുന്നു. ഏറ്റുമാനൂരിൽ സ്വതന്ത്രയായാണ് മത്സരിച്ചത്. ശോഭ സുരേന്ദ്രൻ ഉള്‍പ്പെടെ ബിജെപി സ്ഥാനാര്‍ഥികളായ 20 സ്ത്രീകളും പരാജയപ്പെട്ടു. 140 അംഗ സഭയില്‍ അര്‍ഹമായ സ്ത്രീപ്രാതിനിധ്യം ഇത്തവണയും ഇല്ല എന്നാണ് കണക്കില്‍ നിന്ന് വ്യക്തമാകുന്നത്.