കേളകം: കേളകം ഫീഡറിലേക്ക് തടസങ്ങളില്ലാതെ വൈദ്യുതി എത്തിക്കാൻ അണ്ടർഗ്രൗണ്ട് കേബിളിംഗുമായി കെഎസ്ഇബി. ചാണപ്പാറയിൽ പ്രവർത്തിക്കുന്ന 33 കെവി സബ്സ്റ്റേഷനിൽ നിന്നാണ് ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കുക. നിലവിൽ തൂണുകളിലൂടെ വൈദ്യുതി എത്തിക്കുന്നത് കാരണം കാറ്റിലും മഴയിലും വൈദ്യുതി മുടക്കം പതിവാണ്. മാത്രമല്ല തൊണ്ടിയിൽ, കോളയാട് സെക്ഷനും ഒരേ ലൈനിൽ ആയതിനാൽ ഈ ലൈനിലെ അറ്റകുറ്റപ്പണിക്കു വേണ്ടി ലൈൻ ഓഫാക്കേണ്ടി വരുന്നതും കേളകം, കൊട്ടിയൂർ, കണിച്ചാർ മേഖലയിൽ വൈദ്യുതി തടസമുണ്ടാക്കും. ഇത് പരിഹരിക്കാനാണ് 4.25 കിലോ മീറ്റർ ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കുന്നത്. 1.25 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള കേബിൾ എത്തിക്കഴിഞ്ഞു. മൂന്നു മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നതെന്ന് കേളകം കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനിയർ എം.ജി. ശ്രീകുമാർ പറഞ്ഞു.
നേരത്തെ നെടുംപൊയിൽ 110 കെവി സബ്സ്റ്റേഷൻ മുതൽ ചാണപ്പാറ 33 കെവി സബ്സ്റ്റേഷൻ വരെ അണ്ടർ ഗ്രൗണ്ട് കേബിളിംഗ് നടത്തിയിരുന്നു. ഇത് വിജയമായതോടെയാണ് മറ്റ് മേഖലയിലേക്കും വ്യാപിപ്പിക്കുന്നത്. കേളകം, കൊട്ടിയൂർ, കണിച്ചാർ മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസത്തിനും പരിഹാരം കാണുന്നതിനാണ് ചാണപ്പാറയിൽ 33 കെവി കേളകം സബ്സ്റ്റേഷൻ സ്ഥാപിച്ചത്. ആദ്യഘട്ടത്തിൽ സബ്സ്റ്റേഷനിൽ നിന്ന് ഓവർഹെഡ് ലൈൻ പൂർത്തിയാകാത്തതിനാൽ പ്രയോജനം ലഭിച്ചില്ല. പിന്നീട് തൂണുകൾ മാറ്റി സ്ഥാപിച്ച് വൈദ്യതി വിതരണം ആരംഭിച്ചു. എന്നാൽ പല കാരണങ്ങളാലും വൈദ്യുതി തടസം പതിവായതോടെയാണ് അണ്ടർഗ്രൗണ്ട് കേബിളിംഗ് നടപ്പാക്കുന്നത്.