തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍. നിരക്ക് 500 രൂപയായി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട കമ്പനി 448 രൂപക്ക് പരിശോധന നടത്തും. പരിശോധന കിറ്റും മറ്റ് വസ്തുക്കളും 135 മുതല്‍ 240 രൂപക്ക് വരെ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കോവിഡ് കണ്ടുപിടിക്കുന്നതിനുള്ള കൃത്യത കൂടിയ പരിശോധനയാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധന. കോവിഡ് വ്യാപനം ആരംഭിച്ച ആദ്യമാസങ്ങളില്‍ പരിശോധനക്ക് സ്വകാര്യ ലാബുകളില്‍ 4500 രൂപയായിരുന്നു നിരക്ക്. സര്‍ക്കാര്‍ ഉത്തരവിലൂടെ പരിശോധന നിരക്ക് നാലു തവണയായി കുറച്ച് 1500 രൂപയിലെത്തിച്ചു.
ഈ വര്‍ഷം ജനുവരി ഒന്നിനാണ് 1500 രൂപ നിരക്ക് നിശ്ചയിച്ചത്. അപ്പോഴും താരതമ്യേന രാജ്യത്തെ ഉയര്‍ന്ന നിരക്കുകളൊന്നായിരുന്നു ഇത്. 1500 രൂപക്ക് പരിശോധന നടത്തുക പ്രായോഗികമല്ലെന്ന് കാണിച്ച് സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചു. സ്വാബ് എടുക്കല്‍, പരിശോധനക്കാവശ്യമായ മറ്റ് ചെലവുകള്‍, ഡാറ്റ എന്‍ട്രി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ലാബുകളുടെ ഹര്‍ജി.
ഹര്‍ജി പരിഗണിച്ച കോടതി ലാബ് ഉടമകളുമായി ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഫെബ്രുവരി ആദ്യവാരം സര്‍ക്കാര്‍ പരിശോധന നിരക്ക് 200 രൂപ കൂടി ഉയര്‍ത്തി 1700 രൂപയാക്കി പുതിയ ഉത്തരവിറക്കി.
വ്യാഴാഴ്ചയാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 500 രൂപയായി തീരുമാനിച്ചത്. മൊബൈല്‍ ലാബുകള്‍ നടത്താന്‍ സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട സ്വകാര്യ കമ്പനി 448 രൂപ നിരക്കിലാണ് ആര്‍.ടി.പി.സി.ആര്‍. നടത്തുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ആര്‍.ടി.പി.സി.ആര്‍. ഉള്‍പ്പെടെ എല്ലാ പരിശോധനയും സൗജന്യമാണ്.