ഇരിട്ടി : ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. തലശ്ശേരി സഹായ മെത്രാൻ മാർ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്ലോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതിനാൽ 1350 വീടുകൾ ഉള്ള ഇടവകയിൽ നിന്ന് പ്രാതിനിധ്യ സ്വഭാവത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 പേർക്ക് മാത്രമാണ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്. മറ്റുള്ളവർക്കായി ഓൺലൈൻ സംപ്രേഷണം നടത്തി.
എടൂർ പള്ളി കഴിഞ്ഞ 75 വർഷമായി നാടിന്റെ വഴവിളക്കായിരുന്നെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ദൈവാലയം എന്നതിനൊപ്പം എടൂരിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിനും കാരണമാവാൻ കഴിഞ്ഞു. കുടിയേറ്റ ജനതയ്ക്ക് എക്കാലവും ആശ്രയവും സഹായവുമായി. പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയിലേക്ക് അനുഗ്രഹം തേടി നാനാജാതി മതസ്്ഥർ എത്തുന്നുണ്ട്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 12 നിർധന കുടുംബങ്ങൾക്ക് വീടു വച്ച നൽകിയ ജീവകാരുണ്യ പദ്ധതി മാതൃകയാണെന്നും ഇനിയും ദേശത്തിനു അനുഗ്രഹമായി തുടരാൻ കഴിയട്ടെയെന്നും മാർ ജോസഫ് പാംപ്ലാനി ആശംസിച്ചു.
2022 ജനുവരി ആദ്യവാരം പരിശുദ്ധ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചാണ് പ്ലാറ്റിനം ജൂബിലി സമാപിക്കുക. സമർപ്പിതരുടെയും പ്രവാസികളൂടെയും സംഗമങ്ങൾ, നിർധനരെ സഹായിക്കാനുള്ള ജീവകാരുണ്യ നിധി, പള്ളിമുറ്റ നവീകരണം, കവാടം സ്ഥാപിക്കൽ, നെടുമുണ്ട വിശുദ്ധ യൂദാശ്ലാഹയുടെ തീർഥാടന കേന്ദം നവീകരിക്കൽ, സ്നേഹ വീട് നിർമാണം എന്നിങ്ങനെ വിവിധ ജൂബിലി സ്മാരക പദ്ധതികൾ ഫൊറോന വികാരി ഫാ. ആന്റണി മുതുകുന്നേൽ പ്രഖ്യാപിച്ചു. കോവിഡ് ചട്ടങ്ങൾ പാലിച്ചാണു ഇവയെല്ലാം സമയബന്ധിതമായി നടപ്പാക്കുക.
ഇന്നലെ 2 വീടുകളുടെ താക്കോലാണ് മാർ ജോസഫ് പാംപ്ലാനി കൈമാറിയത്. നേരത്തെ 10 വീടുകൾ പൂർത്തീകരിച്ചിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് വട്ടുകളം, സിഎംസി കോൺവന്റ് മദർ സുപ്പീരിയർ സിസ്റ്റർ ജെസി, ഇടവക കോ – ഓർഡിനേറ്റർ പി.ജെ.പോൾ, ട്രസ്റ്റിമാരായ ഒ.പി.ദേവസ്യ ഓരത്തേൽ, തോമസ്, കുളത്തിങ്കൽ, റജി കൊടുമ്പുറം, ജോജു വെന്നിലത്തിൽ, മേരി ആലയ്ക്കാമറ്റം, മുൻ കോ – ഓർഡിനേറ്റർ ജോസഫ് പാരിക്കാപ്പള്ളി, വിപിൻ തോമസ്, ഷൈനി വെട്ടിയോലിൽ, ജോസഫ് കിഴക്കേപടവത്ത്, ബെന്നി പുതുപ്പള്ളി, സോജൻ കൊച്ചുമല, റോണിറ്റ് പള്ളിപറമ്പിൽ, തങ്കച്ചൻ തയ്യിൽ, ബെന്നിച്ചൻ മഠത്തിനകം, ബേബി ചിറയ്ക്കൽ പുരയിടം, സിബി തുരുത്തിപ്പള്ളി, ബാബു തട്ടുങ്കൽ, ജോസ് മണലേൽ, റോബിൻസ് മണലേൽ, ജെയ്‌സൺ പുല്ലംകണ്ണാപ്പള്ളി, അനീഷ് തെക്കേൽ എന്നിവർ പങ്കെടുത്തു.