തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജന്റെ ക്ഷാമം മൂലം മരണപ്പെടുന്ന രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. രാജ്യം പ്രാണവായുവിനെ വേണ്ടി പിടയുമ്പോഴും ഓക്സിജൻ മിച്ചമുള്ള ഏക സംസ്ഥാനം കേരളമാണ്.
കേരളത്തിൽ പ്രതിദിനം വേണ്ട മെഡിക്കൽ ഓക്സിജന്റെ അളവ് 74.25 മെട്രിക് ടൺ ആണെങ്കിലും 219.22 മെട്രിക് ടൺ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിൽ 50 ലിറ്റർ ഓക്സിജനാണ് സംസ്ഥാനം മിനിറ്റിൽ ഉത്പാദിപ്പിച്ചിരുന്നത്. ഈ വർഷം ഏപ്രിലിൽ മിനിറ്റിൽ ഉല്പാദിപ്പിക്കുന്ന ഓക്സിജന് അളവ് 1250 ലിറ്ററാണ്.
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് (പെസോ) സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ വിതരണത്തിന്റെ ഉത്തരവാദിത്വം.
പ്രതിദിനം 149 മെട്രിക് ടൺ ഉത്പാദനശേഷിയുള്ള കഞ്ചിക്കോട് ഐനോക്സ്, 6 മെട്രിക് ടൺ ഉത്പാദനശേഷിയുള്ള കേരള ചവറ മിനറൽസ് ആൻഡ് മെറ്റൽസ്,5.45 മെട്രിക് ടൺ ഉത്പാദനശേഷിയുള്ള കൊച്ചിൻ ഷിപ്പിയാർഡ്, 0.322 മെട്രിക് ടൺ ഉത്പാദനശേഷിയുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയാണ് കേരളത്തിലെ പ്രധാന ഓക്സിജൻ ഉത്പാദകർ. ഇതിനുപുറമേ 11 എയർ സെപ്പറേഷൻ യൂണിറ്റുകൾ പ്രതിദിനം 44 മെട്രിക് ടൺ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. നാല് മെട്രിക് ടൺ ശേഷിയുള്ള എ എസ് യു ഈ മാസം പാലക്കാട് കമ്മീഷൻ ചെയ്യുന്നുണ്ട്. ആശുപത്രികളിൽ ഓക്സിജൻ സംഭരണ സൗകര്യങ്ങളും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.
ഓക്സിജൻ മിച്ചമുള്ള സാഹചര്യത്തിൽ കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്. ഡൽഹിക്ക് ഓക്സിജൻ നൽകണമെന്ന് ആവശ്യം ഉയരുന്നുണ്ട്.