ഇരിട്ടി: ഇരിട്ടി നഗരസഭയിലെ മൂന്ന് വാർഡുകളിൽ കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നു. എടക്കാനം, കീഴൂർക്കുന്ന്, നരിക്കുണ്ടം ഭാഗങ്ങളിലാണ് രോഗികളുടെ ക്രമാതീതമായി ഉയരുന്നത്.
എടക്കാനത്ത് നാല് ദിവസത്തിനിടയിൽ രോഗികളുടെ എണ്ണം ഇരട്ടിയായി.
കഴിഞ്ഞ ദിവസം താലൂക്ക് ആശുപ ത്രിയിൽ ഇരിട്ടി മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പരിശോധനയ്ക്ക് എത്തിയ 83 പേരിൽ 42 പേർക്കും രോഗ ലക്ഷണം കണ്ടെത്തിയത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതർ കാണുന്നത്.
പഞ്ചായത്ത് സുരക്ഷാ സമിതി യോഗത്തിൽ വാർഡ് തല കമ്മിറ്റികൾ ഫലപ്രദമാക്കി ബോധവത്കരണം ഉൾപ്പെടെ നടത്താൻ നിർദേശിക്കുന്നുണ്ടെങ്കിലും പലസ്ഥലങ്ങളിലും യോഗങ്ങൾ പോലും ചേർന്നിട്ടില്ല.
പടിയൂർ -കല്യാട് പഞ്ചായത്ത് പരിധിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത്തല സുരക്ഷാ സമിതി നിയന്ത്രണങ്ങൾ കടുപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴുവരെയാക്കി. മെഡിക്കൽ ഷോപ്പുകൾ രാവിലെ ആറുമുതൽ വൈകുനേരം എട്ടു വരെയും തുറക്കും. ടർഫുകളിലും മൈതാനങ്ങളിലുമുള്ള കളികൾ നിരോധിച്ചു.