ഇരിട്ടി: പായം മേഖല ലഹരി മാഫിയകളുടെ പിടിയിലായതായി നാട്ടുകാർ. ഇതുമൂലം കുടുംബ വഴക്കുകളും അക്രമങ്ങളും കൂടി വരുന്നതായും നാട്ടുകാർ പറയുന്നു. പായം, കരിയാൽ, വട്ട്യറ, ചീങ്ങാക്കുണ്ടം പ്രദേശങ്ങളിലാണ് ലഹരി മാഫിയകൾ വിലസുന്നത്. ഇവിടങ്ങളിൽ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും സുലഭമാണെന്നാണ് ആരോപണം. ചീങ്ങാക്കുണ്ടം മേഖലയിൽ വ്യാജ വാറ്റുകേന്ദ്രങ്ങളും പ്രവർത്തിക്കുന്നതായും പരാതിയുണ്ട്. ആറളം പൂതക്കുണ്ട് മേഖലകളിലും ഇവ ലഭ്യമാണെന്നും പായത്ത് ലഭ്യത കുറയുമ്പോൾ ഇത്തരക്കാർ ഇവിടങ്ങളിലെ ലഹരി വില്പനകേന്ദ്രങ്ങൾ തേടി പ്പോകുന്നതായും പറയപ്പെടുന്നു. മൂന്ന് മാസം മുന്പ് പായം പുഴക്കരയിൽ ഒരു കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഓട്ടോറിക്ഷയിൽ വിദേശ മദ്യം വില്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഓട്ടോ തൊഴിലാളിയെ എക്സൈസ് സംഘം അടുത്തയിടെയാണ് പിടികൂടിയത്. എക്സൈസിന്റേയും , പോലീസിന്റേയും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സംയുക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.
previous post