26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • 21 ദിവസം, 10000 മരണം; രാജ്യത്ത്‌ അതിതീക്ഷ്‌ണവ്യാപനം; വീണ്ടും അടച്ചിടാന്‍ മഹാരാഷ്ട്ര, ഡൽഹി………..
Kerala

21 ദിവസം, 10000 മരണം; രാജ്യത്ത്‌ അതിതീക്ഷ്‌ണവ്യാപനം; വീണ്ടും അടച്ചിടാന്‍ മഹാരാഷ്ട്ര, ഡൽഹി………..

ഡൽഹി: കോവിഡിന്റെ ഒന്നാം തരംഗത്തിൽ ഒന്നര ലക്ഷം പേരാണ്‌ ഇന്ത്യയിൽ മരിച്ചത്‌. 2020 മാർച്ച്‌ 12ന്‌ കർണാടകത്തിലായിരുന്നു ഇന്ത്യയിൽ ആദ്യ കോവിഡ്‌ മരണം. 96 ദിവസം കൊണ്ടാണ് മരണസംഖ്യ പതിനായിരം കടന്നത്‌‌. പിന്നീട്‌ എട്ടും പത്തും ദിവസംകൊണ്ട്‌ അത്രയും പേർ മരിക്കുന്ന സ്ഥിതിയായി.
ഡിസംബറോടെ അയവുണ്ടായി. ഈ വർഷം ജനുവരി അഞ്ചിന്‌ മരണസംഖ്യ ഒന്നര ലക്ഷം കടന്നു.‌ പിന്നെയുള്ള പതിനായിരം മരണം 75 ദിവസം കൊണ്ടായിരുന്നു. എന്നാൽ, ശേഷം‌ 21 ദിവസമായ ഞായറാഴ്‌ച മരണസംഖ്യ 1.70 ലക്ഷം കടന്നു.

കോവിഡ്‌ രണ്ടാംതരംഗം തീവ്രമായതോടെ സംസ്ഥാനങ്ങൾ വീണ്ടും സമ്പൂർണഅടച്ചുപൂട്ടലിലേക്ക്‌. ഇക്കാര്യത്തില്‍ 14നുശേഷം തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ‌തോപ്പെ. സാമ്പത്തിക, സാമൂഹ്യ ആഘാതം കുറയ്‌ക്കാനാണ് രണ്ട്‌ ദിവസത്തെ സാവകാശം. എട്ടുദിവസത്തേക്ക് എങ്കിലും സമ്പൂർണ അടച്ചിടല്‍ വേണമെന്ന് കോവിഡ്‌ വിദഗ്‌ധസമിതി യോഗത്തിൽ മുഖ്യമന്ത്രി ഉദ്ദവ് ‌താക്കറേ അറിയിച്ചു. ശനിയാഴ്‌ച സർവകക്ഷി യോഗം അടച്ചിടല്‍ തീരുമാനത്തിന് പിന്തുണ നൽകി. എത്ര ദിവസത്തേക്ക് അടച്ചിടും എന്നതില്‍മാത്രമാണ് തീരുമാനം വരാനുള്ളത്‌.

ഡൽഹിയും സമ്പൂർണ അടച്ചിടലിലേക്കാണെന്ന മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സൂചന നൽകി. ആശുപത്രികൾ നിറയുകയും ആരോഗ്യസംവിധാനം പ്രതിസന്ധിയിലാകുകയും ചെയ്താൽ അടച്ചുപൂട്ടൽ അല്ലാതെ മറ്റ് മാര്‍​ഗമില്ല. 24 മണിക്കൂറിൽ രോ​ഗികളുടെ എണ്ണം പതിനായിരം കടന്നു, മരണം 48.
ഉത്തർപ്രദേശിൽ മീററ്റ്‌, ഗാസിയാബാദ്‌, നോയിഡ, വാരാണസി, കാൺപുർ, പ്രയാഗ്‌രാജ്‌, ബറേലി എന്നിവിടങ്ങളിൽ രാത്രികർഫ്യൂ ഏർപ്പെടുത്തി. 30 വരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു. ആരാധനാലയങ്ങളിൽ അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ല.
മധ്യപ്രദേശിൽ 11 ജില്ലയില്‍ വാരാന്ത്യ അടച്ചിടല്‍ നിലവിലുണ്ട്‌.

അതിതീക്ഷ്‌ണവ്യാപനം

രാജ്യത്ത്‌ കോവിഡ്‌ രണ്ടാംതരംഗത്തിന്റെ അതിതീക്ഷ്‌ണവ്യാപനം. 24 മണിക്കൂറിൽ 1,68,912 രോ​ഗികള്‍, 904 മരണം. ആകെ രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യ ബ്രസീലിനെ മറികടന്ന്‌ രണ്ടാം സ്ഥാനത്തായി. 3.12 കോടി രോ​ഗികളുമായി മുന്നില്‍ അമേരിക്ക. ഇന്ത്യയിൽ 1.35 കോടി രോ​ഗികള്‍, ബ്രസീലില്‍ 1.34 കോടി.

രാജ്യത്ത്‌ ഒറ്റദിവസം രോ​ഗികള്‍ 1.6 ലക്ഷം കടക്കുന്നതും ആദ്യം. ഏപ്രിൽ അഞ്ച്‌ മുതൽ 11 വരെ ദിവസം ശരാശരി 1.33 ലക്ഷം പേരെന്ന നിരക്കിൽ ആകെ 9.37 ലക്ഷം രോ​ഗികള്‍. തൊട്ടുമുന്നിലെ ആഴ്‌ചയേക്കാൾ 70 ശതമാനം വർധന‌. ഒരാഴ്‌ചയ്‌ക്കുള്ളിൽ രോ​ഗികളുടെ എണ്ണം 1.26 കോടിയിൽനിന്ന്‌ 1.35 കോടിയായി. നിലവിൽ ചികിത്സയില്‍ 12 ലക്ഷത്തിലധികം പേര്‍. ഏപ്രിൽ അഞ്ചിന്‌ 7.41 ലക്ഷംപേര്‍മാത്രം. ഒരാഴ്‌ചയിലെ വർധന 4.5 ലക്ഷം. ഒരാഴ്‌ചയ്ക്കിടെ മരണനിരക്കും ആശങ്കാജനകമായി കുതിച്ചുയർന്നു. 5,079 മരണം.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്‌, ഡൽഹി, ഛത്തീസ്‌ഗഢ്‌, കർണാടക, തമിഴ്‌നാട്‌, മധ്യപ്രദേശ്‌, ഗുജറാത്ത്‌, രാജസ്ഥാൻ എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷം. മഹാരാഷ്ട്രയില്‍ ഞായറാഴ്‌ച രോ​ഗികള്‍ 63,294, മരണം 394.

‘അശ്രദ്ധ തുടർന്നാൽ താങ്ങാനാകില്ല’

ജനങ്ങൾ കോവിഡ്‌ നിയന്ത്രണങ്ങൾ അവഗണിച്ചതും വകഭേദം വന്ന വൈറസ്‌ വേഗത്തിൽ പടരുന്നതുമാണ്‌ രാജ്യത്ത്‌ വീണ്ടും രോഗവ്യാപനം കുതിക്കാൻ‌ ഇടയാക്കിയതെന്ന്‌ എയിംസ്‌ ഡയറക്‌ടർ ഡോ. രൺദീപ്‌ ഗുലേരിയ പറഞ്ഞു. ഈ നില തുടർന്നാൽ ആരോഗ്യമേഖലയ്‌ക്ക്‌ താങ്ങാനാകാത്ത സ്ഥിതിയുണ്ടാകും.

താഴേത്തട്ടുമുതൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണം. ഫെബ്രുവരിയോടെ രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ രോഗത്തെ ജനങ്ങൾ നിസ്സാരമായി കാണാൻതുടങ്ങി. കടകളും പൊതുയിടങ്ങളും തിരക്കായതോടെ ഇവയെല്ലാം തീവ്രവ്യാപനത്തിനുള്ള കേന്ദ്രങ്ങളായി.

മുമ്പ്‌ ഒരു രോഗി സമ്പർക്കത്തിലുള്ള 30 ശതമാനം പേർക്ക്‌ രോഗം കൈമാറിയിരുന്നത്‌ നിലവിൽ പല മടങ്ങ്‌ വർധിച്ചു. ബ്രിട്ടൻ, ദക്ഷിണ ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ളതടക്കം വകഭേദങ്ങൾ വേഗത്തിൽ പടരുന്നതാണ്‌.

നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ ഇതുവരെ ആർജിച്ച നേട്ടം നഷ്‌ടമാകും. കൂടുതൽ ജനങ്ങൾ വാക്‌സിനെടുക്കാൻ തയ്യാറാകണമെന്നും ഗുലേരിയ പറഞ്ഞു.

Related posts

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്റ് രഹിത പദ്ധതിയുടെ ഭാഗമാകണം: മുഖ്യമന്ത്രി

Aswathi Kottiyoor

ഓണക്കിറ്റുകളുടെ പാക്കിങ് പൂർത്തിയായി വരുന്നു: ഭക്ഷ്യമന്ത്രി

Aswathi Kottiyoor

തീർപ്പു കാത്ത് 7.5 ല​ക്ഷ​ത്തോ​ളം “ജീ​വി​ത​ങ്ങ​ൾ’; സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ലക്ഷക്കണക്കിന് ഫ​യ​ലു​ക​ൾ കെട്ടിക്കിടക്കുന്നു

Aswathi Kottiyoor
WordPress Image Lightbox