തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ മുഖവും ബ്രീത്ത് അനലൈസറിൽ തെളിയും. നാലു മെഗാപിക്സൽ ശേഷിയുള്ള വൈഡ് ആംഗിൾ ക്യാമറയും പ്രിന്ററും കളർ ടച്ച്സ്‌ക്രീനുമുള്ള ബ്രീത്ത് അനലൈസർ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഈ ഉപകരണത്തിന്റെ വരവോടെ രക്തത്തിലെ ആൾക്കാഹോൾ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, വാഹന രെജിസ്ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫീസറുടെ പേര്, ഓഫീസറുടെയും ഡ്രൈവറുടെയും ഒപ്പ് എന്നിവ അടങ്ങിയ രസീതും ലഭിക്കും. റസീറ്റ് അടിസ്ഥാനത്തിൽ നേരിട്ടോ ഓൺലൈൻ ആയോ 15 ദിവസത്തിനുള്ളിൽ പിഴ അടക്കാം.വാഹനമോടിച്ച ആളിന്റെ ചിത്രം അടക്കമുള്ള വിവരങ്ങൾ പ്രത്യേക ഫയൽ ബ്രീത്ത് അനലൈസറിൽ മെമ്മറി കാർഡിൽ സൂക്ഷിച്ചതിന് ശേഷം ഈ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് മാറ്റും.