സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ താഴേക്ക്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തിയ സ്വര്‍ണം ഒരാഴ്ചയായി തുടര്‍ച്ചയായി ഇടിയുകയാണ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയും പവന് 440 രൂപ കുറഞ്ഞ് 34,160 രൂപയും ആണ് ഇന്നലത്തെ വില. ഇതോടെ 3 ദിവസത്തിനുള്ളില്‍ 840 രൂപയാണ് പവന് കുറഞ്ഞത്.
ഫെബ്രുവരി 1 ന് രേഖപ്പെടുത്തിയ 36,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ വില. പിന്നീട് ചില ദിവസങ്ങളില്‍ സ്ഥിരത പ്രാപിച്ചതൊഴിച്ചാല്‍ തുടര്‍ച്ചയായി താഴേയ്ക്ക് പോയ സ്വര്‍ണത്തിന് ഈ മാസം മാത്രം 2640 രൂപയാണ് ഇടിഞ്ഞത്. സ്വര്‍ണ വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ ആഭരണ വാങ്ങലുകാര്‍ കാത്തിരിക്കുന്നത് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാര രംഗത്ത് ഇടിവിന് കാരണമായിട്ടുുണ്ടെന്ന് സ്വര്‍ണാഭരണ വ്യാപാരികള്‍ പറയുന്നു. അത്യാവശ്യത്തിനു സ്വര്‍ണം വേണ്ടവരൊഴികെ വാങ്ങല്‍ നീട്ടി വെക്കുകയാണ്.
രാജ്യാന്തര വിപണിയില്‍ യു എസ് ട്രഷറി വരുമാനം ഉയര്‍ന്നതു മൂലം സ്വര്‍ണം നേരിടുന്ന ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. ഇന്നലെ ബോണ്ട് വരുമാനം ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തിയിരുന്നു. ഇതാണ് സ്വര്‍ണത്തിന്റെ തിളക്കം കെടുത്തുന്ന പ്രധാന കാരണം. നഷ്ട സാധ്യതയില്ലാത്ത യുഎസ് ബോണ്ട് വരുമാനം വര്‍ദ്ധിച്ചതോടെ സ്വര്‍ണത്തില്‍ നിന്നും ഓഹരിയില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് ബോണ്ടില്‍ നിക്ഷേപിക്കുന്ന സ്ഥിതിവിശേഷത്തിന്റെ സമ്മര്‍ദത്തിലാണ് മഞ്ഞ ലോഹവ്യാപാരം നടക്കുന്നത്.
ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയുന്നത് സ്ഥിതിഗതികള്‍ പ്രവചനതീതമാക്കുന്നുമുണ്ട്. ഏതായാലും വരു ദിവസങ്ങളിലും വില താഴാനാണ് സാധ്യത എന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇതിനിടെ ഹ്രസ്വകാല ലക്ഷ്യത്തോടെ സ്വര്‍ണ നിക്ഷേപത്തിനിറങ്ങരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇപ്പോഴത്തെ ഇടിവ് ദീര്‍ഘകാല നിക്ഷേപ ലക്ഷ്യമുള്ളവര്‍ക്ക് അനുകൂലമാണെന്നും വിലയിരുത്തപ്പെടുന്നു.