ഇരിട്ടി: കല്ലുമുട്ടിയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ മൾട്ടിപ്ലക്സ് തിയേറ്റർ നിർമിക്കാൻ കിഫ്ബിയിൽ നിന്ന് 5.7 കോടി രൂപ അനുവദിച്ചു. പായം പഞ്ചായത്ത് പദ്ധതിയിലാണ് അത്യാധുനിക ഇരട്ട തിയേറ്റർ നിർമിക്കുക. പഞ്ചായത്തിന്റെ എൺപത് സെന്റ് സ്ഥലത്ത് ഷോപ്പിംഗ് മാൾ സമുച്ചയം നിർമാണം ഇതിനകം പൂർത്തിയായി. ഇരിട്ടി പുഴയോരത്തെ സ്ഥലത്താണ് ബഹുനില മന്ദിരം നിർമിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം പണിതത്. കെട്ടിടത്തിന്റെ ഒരു നില കെഎസ്എഫ്ഡിസിക്ക് തിയേറ്റർ നിർമിക്കാൻ നൽകി. ഇന്റീരിയർ, തിയേറ്റർ സംവിധാനങ്ങൾ എന്നിവ ഒരുക്കാനാണ് ഫണ്ട് അനുവദിച്ചത്. ആറു മാസത്തിനകം തിയേറ്റർ നിർമാണം പൂർത്തിയാകും. ചലച്ചിത്ര വികസന കോർപറേഷന്റെ തിയേറ്റർ ആദ്യമായി ഒരുക്കിയ പഞ്ചായത്തായി പായം മാറുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ, സെക്രട്ടറി ടി.ഡി. തോമസ് എന്നിവരും പങ്കെടുത്തു.