22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • വികസനത്തിന്റെ പേരിൽ പെരും കൊള്ള – ഇരിട്ടിയിൽ നോക്കി നിൽക്കേ കുന്നുകളും പച്ചപ്പുകളും ഇല്ലാതാവുന്നു…………
Iritty

വികസനത്തിന്റെ പേരിൽ പെരും കൊള്ള – ഇരിട്ടിയിൽ നോക്കി നിൽക്കേ കുന്നുകളും പച്ചപ്പുകളും ഇല്ലാതാവുന്നു…………

ഇരിട്ടി: വികസനത്തിന്റെ പേരിൽ മണ്ണ് മാഫിയകൾ വിലസുന്ന പ്രദേശമായി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ഇരിട്ടി. ഓരോ ദിവസം ചെല്ലുന്തോറും കുന്നുകൾ ഇടിച്ചു നിരത്തി ഭൂ പ്രകൃതിയെ ആകെ തകിടം മറിക്കുകയാണ് ഈ പെരും കൊള്ളക്കാർ. വൻ പാരിസ്ഥിതിക ദുരന്തം വിളിച്ചു വരുത്തുന്ന ഇത്തരം പ്രവർത്തിക്കെതിരെ ഒരു ചെറു വിരലെങ്കിലും അനക്കാൻ ഇവിടുത്തെ ഏതെങ്കിലുമൊരു പ്രസ്ഥാനമോ യുവജന സംഘടനകളോ മുന്നോട്ടു വരുന്നില്ല എന്നത് തന്നെ ഇത്തരം മാഫിയകൾക്ക് പിന്നിലെ രാഷ്ട്രീയ ബലമോ പണാധിപത്യമോ ആണ് വിളിച്ചോതുന്നത്.
രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് കുന്നുകളും പച്ചപ്പുകളും നിറഞ്ഞ ഒരു ഭൂ പ്രകൃതിയായിരുന്നു ഇരിട്ടി പട്ടണത്തിന്റേത്. ഇപ്പോഴുള്ള കാരുണ്യ ആശുപത്രിയുടെ സമീപത്തു നിന്നും ആരംഭിക്കുന്ന കുന്ന് അവസാനിക്കുന്നത് പയഞ്ചേരി മുക്കിലായിരുന്നു. പഴയ ബസ്റ്റാന്റിന്റെ നിർമ്മാണത്തിനായി കണ്ണ്യത്ത് കുടുംബം സ്വമേധയാ വിട്ടു നൽകിയ കുന്നിൻ പ്രദേശമുൾപ്പെട്ട ഭൂമിയാണ് ആദ്യം പട്ടണത്തിൽ ഇടിച്ചു നിരപ്പാക്കിയത്. തൊട്ടിങ്ങോട്ട് പയഞ്ചേരി മുക്ക് വരെയുള്ള സകല ഭൂമിയും ഇടിച്ചു നിരത്തപ്പെടുകയും ബഹുനില കെട്ടിടങ്ങൾ രൂപം കൊള്ളുകയും ചെയ്തു. ഇതിൽ ഇരിട്ടി പോസ്റ്റോഫീസിനായി രണ്ടു പതിറ്റാണ്ട് മുൻപ് എടുത്തിട്ട ഭൂമി മാത്രമാണ് ഇപ്പോൾ ഇടിച്ചു നിരത്തപ്പെട്ട കുന്നിന്റെ ഭാഗമായി അവശേഷിക്കുന്നത്.
പയഞ്ചേരി മുക്കിൽ ശേഷിക്കുന്ന കുന്നുകളും ഓരോ ദിവസവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാത്രിയിലാണ് ഇവ മുഴുവൻ ഇടിച്ചു നിരത്തപ്പെടുന്നത് . മുൻപ് കുന്നിടിക്കൽ തുടങ്ങിയ ആദ്യ ഘട്ടങ്ങളിൽ ഇവ തടയുന്നതിനും നിർത്തി വെപ്പിക്കുന്നതിനും വ്യക്തികളും ചില സംഘടനകളും മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇന്ന് ഇവരെല്ലാം അപ്രത്യക്ഷരായ അവസ്ഥയിലാണ്.
പാലത്തിനു സമീപം കുരിശു പള്ളിയോട് ചേർന്ന ഇരിട്ടിക്കുന്ന് ഇടിച്ചു നിരത്തൽ തുടങ്ങിയിട്ട് ഒരാഴ്ചയിൽ അധികമായി. 75 അടിയിലേറെ ഉയരമുള്ള കുന്നാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചു നിർത്തിക്കൊണ്ടിരിക്കുന്നത് . മുൻപ് ഈ മേഖലയിൽ മണ്ണിടിക്കാൻ ശ്രമം നടന്നപ്പോൾ ശക്തമായ പ്രതിഷേധം ഉയരുകയും നിർത്തിവക്കുകയും ചെയ്തിരുന്നു. എന്നാൽ നിരവധി ടിപ്പറുകളിലായി രണ്ടാഴ്ചയോളമായി ഇവിടെ നിന്നും മണ്ണ് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് . ഏത് വേനലിലും വറ്റാത്ത ഒരു നീർച്ചാൽ ഈ കുന്നിൽ ഉൽഭവിച്ച് ഇരിട്ടിപ്പുഴയിൽ ചേരുന്നുണ്ട്. വേനൽക്കാലങ്ങളിൽ ഈ നീർച്ചാലിനെ നിരവധി ജനങ്ങൾ ആശ്രയിച്ചിരുന്നു. ഈ ജല സ്രോതസിന് സമീപമാണ് കുന്നിടിക്കൽ നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ എത്രനാൾ ഈ നീരരുവി ഇവിടെ ഉണ്ടാകും എന്ന് പറയാനാവില്ല. നഗരഹൃദയത്തിൽ നടക്കുന്ന മണ്ണിടിക്കലിനെതിരെ അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കെട്ടിട നിർമാണത്തിനായാണ് മണ്ണ് നീക്കുന്നത് എന്നാണ് പറയുന്നത് . ഇതിനായി ജിയോളജി അനുമതിയും പായം പഞ്ചായത്തിൽ നിന്ന് ഭൂവികസന പെർമിറ്റും ലഭിച്ചിട്ടുണ്ട് . 1948 ക്യൂബിക് അടി മണ്ണ് നീക്കാനായാണ് ജിയോളജി അനുമതിയുള്ളത് എന്നും 193000 രൂപയും ജിയോളജി വിഭാഗത്തിൽ ഫീസായി അടച്ചിട്ടുണ്ടെന്നും സ്ഥലം ഉടമ പറയുന്നു .
ഇരിട്ടി പാലത്തിനു സമീപം മണ്ണ് നീക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ ജിയോളജിയുടെ ഉൾപ്പെടെ അനുമതി അവർക്കുള്ളതായി മനസിലാക്കാനായെന്നും മണ്ണ് നീക്കം റവന്യു വകുപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും, ജിയോളജി അനുമതി നൽകിയതിൽ കൂടുതൽ അളവ് മണ്ണ് നീക്കാൻ സമ്മതിക്കില്ലെന്ന് റവന്യു അധികൃതരും പറയുന്നു .
ഇതേ അവസ്ഥ തന്നെയാണ് പായം പഞ്ചായത്തിലെ കുന്നോത്ത് കഴിഞ്ഞ ദിവസം ആദിവാസികുടുംബത്തിന്റെ വീട് ജെ സി ബി ഉപയോഗിച്ച് തകർക്കുകയും കേസിൽ പെടുകയും ചെയ്ത ഇവിടെ നിർമ്മാണം നടക്കുന്ന ക്രഷർ ഉടമയുടെയും വാദം. ഇവിടെ ക്രഷർ നിർമ്മാണത്തിനായി വൻ കുന്നാണ് ഇടിച്ചു നിർത്തിക്കൊണ്ടിരിക്കുന്നത് . ഇവർക്കും മണ്ണെടുക്കാനായി ജിയോളജിയുടെ അനുമതി ഉണ്ടെന്നാണ് പറയുന്നത്. പോലീസും ഇത് സ്ഥിരീകരിച്ചിരുന്നു. ഏതു കുന്നും ഇടിച്ചു നിരത്താൻ ജിയോളജിയിൽ നിന്നും അനുമതി കിട്ടുന്നു എന്നത് തന്നെ ഇതിനു പിന്നിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന സംശയം ജനങ്ങളിലും ഉയർന്ന് വരുകയാണ്.
ഓരോ ദിവസം കഴിയുന്തോറും ഇരിട്ടിയുടെ പച്ചപ്പ്‌ നഷ്ടപ്പെടുന്നു എന്നത് ഏറെ ആശങ്ക യാണ് ഇരിട്ടിയെ സ്നേഹിക്കുന്ന ജനങ്ങളിൽ സൃഷ്ടിക്കുന്നത്. ഒഴിവാക്കാനാവാത്തതാണെങ്കിലും തലശ്ശേരി – വളവുപാറ നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരു വശങ്ങളിലുമുള്ള നൂറുകണക്കിന് കൂറ്റൻ മരങ്ങളാണ് മുറിച്ചു മാറ്റപ്പെട്ടത് . ഇരിട്ടി പട്ടണത്തിൽ തന്നെ നിരവധി മരങ്ങൾ മുറിച്ചു മാറ്റപ്പെട്ടു . അതുകൊണ്ടുതന്നെ വേനൽ കനത്തതോടെ ചുട്ടു പൊള്ളുകയാണ് ഇരിട്ടി . ഇതെല്ലം മേഖലയെ വൻ പാരിസ്ഥിതിക ദുരതത്തിൽ കൊണ്ടെത്തിക്കും എന്നാണ് പരിതഃസ്ഥിതിയെ സ്നേഹിക്കുന്നവരും പറയുന്നത് .

Related posts

എസ് വൈ എസ് ഇരിട്ടി സോൺ യൂത്ത് പാർലമെൻറ് സമാപിച്ചു.

Aswathi Kottiyoor

അമ്മു അമ്മ ശ്രദ്ധാഞ്ജലി ദിനം – പുഷ്പാർച്ചന നടത്തി

Aswathi Kottiyoor

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സൂപ്പർ മാർക്കറ്റ് പോലിസ് അടപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox