ബംഗളൂരു: കാസർകോട്- മംഗളൂരു അതിർത്തിയിലെ നഴ്സിങ് കോളേജിലെ 49 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നും എത്തുന്ന മലയാളി കോളേജ് വിദ്യാർഥികൾക്ക് രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി ദക്ഷിണ കന്നട ജില്ലാ ഭരണകൂടം. കേരളത്തിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നട ജില്ലയിലെ എല്ലാ കോളേജുകളിലെയും മലയാളി വിദ്യാർഥികൾക്കും 15 ദിവസത്തിലൊരിക്കൽ കോവിഡ് പരിശോധന നടത്താനാണ് കോളേജ് അധികൃതരോട് നിർദേശിച്ചത്.
കേരളത്തിൽനിന്ന് കോളേജിലേക്ക് ആദ്യം എത്തുമ്പോൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന നിർദേശം. ഇതാണിപ്പോൾ കൂടുതൽ കർശനമാക്കിയത്. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നട ജില്ലക്കും കേരളത്തിലെ കാസർകോട് ജില്ലക്കുമിടയിൽ ദിവസേന നിരവധി വിദ്യാർഥികൾ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുതുക്കിയതെന്ന് ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണർ കെ.വി. രാജേന്ദ്ര പറഞ്ഞു. നിർദേശം അവഗണിക്കുന്ന കോളേജുകളിൽ പിന്നീട് 20 പോസിറ്റിവ് കേസുകൾ സ്ഥിരീകരിച്ചാൽ കോളേജ് അടച്ചുപൂട്ടുമെന്നും മുന്നറിയിപ്പ് നൽകി. വിദ്യാർഥികൾക്ക് അതത് കോളേ1ജിൽ പരിശോധന നടത്താനുള്ള സൗകര്യമൊരുക്കും. കാസർകോട് ജില്ലയിൽ ഓരോ ദിവസവും 100ഓളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മുൻകരുതലെന്ന നിലയിലാണ് പരിശോധന കർശനമാക്കിയതെന്നും അധികൃതർ അറിയിച്ചു.