Uncategorized

അലുവ അതുൽ കൊലപാതകം; 12 മണിക്കൂറിനകം മുഴുവൻ പ്രതികളും പിടിയിൽ

കൊല്ലം: ഗുണ്ടാ നേതാവ് അലുവ അതുലിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴവൻ പ്രതികളും പിടിയിൽ. ഇതുവരെ എട്ട് പ്രതികളാണ് പിടിയിലായത്. കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.

കോട്ടയത്തുനിന്ന് കസ്റ്റഡിയിൽ എടുത്ത നാല് പ്രതികളെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായികളുമാണ് പിടിയിലായത്. ആക്രമണത്തിനായി പ്രതികൾ എത്തിയ സ്വിഫ്റ്റ് കാറും പിടികൂടിയിട്ടുണ്ട്. തഴവ കടത്തൂർ സ്വദേശി നൗഫൽ, ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ എന്നിവരും മറ്റ് ആറ് പേരുമാണ് പിടിയിലായത്. ഇവരുടെ വിവരം പുറത്തുവിട്ടിട്ടില്ല.

ജിം സന്തോഷ് കൊലക്കേസ് പ്രതിയായ അലുവ അതുൽ ജയിൽ മോചിതനായതിന് പിന്നാലെ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവെച്ച് തിരിച്ചു വരുന്നതിനിടെയാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ പരിധിയിലാണ് അരുംകൊല നടന്നത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അലുവ അതുലിന്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്. ജിം സന്തോഷ് കൊലക്കേസുമായി ബന്ധപ്പെട്ട ഗുണ്ടാപകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

ഇന്നോവ കാറിലാണ് നാലംഗ അക്രമി സംഘം എത്തിയത്. ഇവർ അതുൽ സഞ്ചരിച്ച കാറിനെ പിന്തുടരുകയും കരുനാഗപ്പള്ളിയിൽ ദേശീയ പാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് കാർ ഇടിച്ചിടുകയായിരുമായിരുന്നു. ശേഷം കൂട്ടമായി വടിവാൾ ഉപയോഗിച്ച് അക്രമിച്ചു. റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് അരുംകൊല നടത്തിയത്.

അതേസമയം, അലുവ അതുലിന്റെ കൊലപാതകത്തിലുണ്ടായത് പൊലീസിന് ഗുരുതര വീഴ്ചയാണ്. അലുവ അതുലിനെ ആക്രമിക്കുമെന്ന് മുൻകൂട്ടി ഇന്റലിജൻസ് വിവരം ലഭിച്ചിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒരാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയാൽ അലുവ അതുലിനെ കടത്തൂർ ടീം ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. ഇരു സംഘങ്ങളും തമ്മിൽ തുടർച്ചയായി സംഘർഷം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ കരുനാഗപ്പള്ളി പൊലീസ് ഈ നിർദേശം അവഗണിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button