തലശേരി: ദേശത്തിന് മുഴുവൻ ദിശാബോധം നൽകാൻ അധ്യാപകർക്കു കഴിയണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിലുള്ള വടക്കൻ മേഖലാ ക്യാമ്പ് തലശേരി സന്ദേശ് ഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയിൽ അധ്യാപകന് തുല്യം അധ്യാപകൻ മാത്രമാണ്. അധ്യാപകരുടെ പ്രവർത്തനങ്ങൾ ജനകീയമാകണം. എല്ലാവരെയും ഒരുപോലെ കണ്ട് വളർത്തിയ ക്രൈസ്തവ മിഷണറിമാരുടെയും ചാവറയച്ചന്റെയും കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് കർമനിരതരാകാൻ അധ്യാപകർക്ക് കഴിയണമെന്നും മാർ പാംപ്ലാനി കൂട്ടിച്ചേർത്തു.
വടക്കൻ മേഖല പ്രസിഡന്റ് ബിജു കുറുമുട്ടം അധ്യക്ഷത വഹിച്ചു. ലോക കേരള സഭയിൽ പങ്കെടുത്ത വിദേശ വ്യവസായി ബെന്നി വാഴപ്പള്ളിലിനെ യോഗത്തിൽ ആദരിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ചാൾസ് ലിയോൺ, സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, സംസ്ഥാന ജനറൽ സെകട്ടറി സി.ടി. വർഗീസ്, ട്രഷറർ മാത്യു ജോസഫ്, തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, തലശേരി അതിരൂപത പ്രസിഡന്റ് ബെന്നി പുത്തൻനടയിൽ, അഗസ്റ്റിൻ കെ. ജോസഫ്, ശോഭ ടോം, മഞ്ജുഷ കുര്യൻ, റിൻസി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
അധ്യാപകശാക്തീകരണത്തിലൂടെ വിദ്യാർഥി മികവ് എന്ന വിഷയത്തിൽ ചർച്ചയും ക്ലാസും നടന്നു. ഇന്നു നടക്കുന്ന സമാപനസമ്മേളനം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.
വടക്കൻ മേഖലകളിലെ പത്ത് രൂപതകളിൽനിന്നുള്ള പ്രതിനിധികളാണ് ക്യാന്പിൽ പങ്കെടുക്കുന്നത്.