‘യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും’; ട്രംപിന് മറുപടിയുമായി ടെഹ്‌റാൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ടെഹ്‌റാൻ. ഇറാനിലെ സൈനിക നടപടികൾ എപ്പോൾ അവസാനിപ്പിക്കണമെന്ന് തങ്ങൾ തന്നെ “തീരുമാനിക്കുമെന്ന്” ഇവർ വ്യക്തമാക്കി. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ഭാവി പദവിയും തങ്ങളുടെ സായുധ സേനയുടെ കൈകളിലാണെന്നും അമേരിക്കൻ സേനയ്ക്ക് യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിൽ പറയുന്നു.
ഇറാനിലെ സംഘർഷം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഇറാന്റെ നിലപാട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം ഇറാൻ തടസ്സപ്പെടുത്തിയാൽ, ഇതുവരെ നേരിട്ടതിനേക്കാൾ 20 മടങ്ങ് ശക്തമായ ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ആണ് ട്രംപ് പറഞ്ഞത്.അതേസമയം ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മുജ്തബ ഖമേനി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നിരുന്നു. അമേരിക്കയും ഇസ്രായേലും ആരംഭിച്ച ഈ യുദ്ധം ലോക വിപണിയിലേക്കുള്ള എണ്ണ, ഗ്യാസ് വിതരണത്തെ സാരമായിട്ടാണ് ബാധിച്ചിരിക്കുന്നത്.




