കാനഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു; അജ്ഞാതര്‍ക്കായി തിരച്ചില്‍

കാനഡയിലെ ടൊറൻ്റോയിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. തിരക്കേറിയ ഷോപ്പിങ്മാളിന്റെ പാർക്കിങിൽ വച്ച് പട്ടാപ്പകലാണ് ചന്ദൻ കുമാർ രാജ നന്ദകുമാറിന്(37) വെടിയേറ്റത്. ഷോപ്പിങ്മാളിലെ പാർക്കിങിൽ തന്റെ കാറിനുള്ളിൽ ഇരിക്കുകയായിരുന്നു ചന്ദൻ. വെടിയേറ്റ ചന്ദനെ ഉടൻ തന്നെ ആശുപത്രിയിൽ ത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബുള്ളറ്റുകൾ തുളഞ്ഞ് കയറിയ ചന്ദൻ്റെ കാർ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ആസൂത്രിതമായ കൊലപാതകമാണെന്നാണ് സംശയം.
ടൊറന്റോയിൽ കന്നഡക്കാരുടെ കൂട്ടായ്മ ഉണ്ടാക്കാൻ ചന്ദൻ ശ്രമിച്ചിരുന്നുവെന്നും ഇതിൽ എതിർപ്പുണ്ടായ ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് ചന്ദന്റെ കുടുംബം സംശയിക്കുന്നത്. കാനഡയിൽ റിലീസ് ചെയ്യുന്ന കന്നഡ സിനിമകളും സാംസ്‌കാരിക പരിപാടികളും പ്രോൽസാഹിപ്പിക്കുന്നതിൽ ചന്ദൻ അതീവ തൽപരനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. അതേസമയം, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ എംബസിയുടെ സഹായം തേടുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ചിക്കബല്ലാപുര പൊലീസ് അറിയിച്ചു.
ബെംഗളൂരുവിലെ സപ്‌തഗിരി കോളജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ചന്ദൻ ആറു വർഷം മുൻപാണ് എൽ ആന്റ് ടി യുടെ അനുബന്ധ സ്‌ഥാപനം വഴി കാനഡയിൽ എത്തിയത്. നെലമംഗല സ്വദേശിയായ ചന്ദൻകുമാർ ഈ അവധിക്ക് വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
വിവാഹാലോചനകൾ പുരോഗമിക്കുന്നതിനിടെയാണ് ദാരുണാന്ത്യം.




