Uncategorized

ഭൂകമ്പത്തിന് മുന്‍പ് ആകാശത്ത് ‘നീലവെളിച്ചം’; അമ്പരന്ന് ജപ്പാന്‍; മറനീക്കാത്ത ആ രഹസ്യം

ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ്, ബുധനാഴ്ച രാത്രി ആകാശത്ത് ഭയാനകമായ നീല വെളിച്ചം കണ്ടതായി റിപ്പോര്‍ട്ടുകള്‍. അമോറി പ്രിഫെക്ചറിലെ നിവാസികളാണ് ദൃശ്യങ്ങള്‍ മൊബൈൽ ഫോൺ ക്യാമറകളിൽ പകര്‍ത്തിയത്. പിന്നാലെ ഇതെന്താണെന്ന ചര്‍ച്ചകളും സജീവമായി. എര്‍ത്ത്ക്വേക്ക് ലൈറ്റ്സ് എന്നറിയപ്പെടുന്ന അപൂർവ പ്രകൃതി പ്രതിഭാസമായിരുന്നു ഊ നീലവെളിച്ചം. എന്നാല്‍ ഇതിന് പിന്നിലെന്ത് എന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരമില്ല.

എര്‍ത്ത്ക്വേക്ക് ലൈറ്റ്നിങ്, എര്‍ത്ത്ക്വേക്ക് ഫ്ലാഷ് എന്നീ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നുണ്ട്. ഭൂകമ്പ പ്രവർത്തനങ്ങൾ അല്ലെങ്കിൽ അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവ ഉണ്ടാകുന്നയിടങ്ങളിലോ സമീപ പ്രദേശങ്ങളിലോ ആകാശത്ത് കാണാറുള്ള ഒപ്റ്റിക്കൽ പ്രതിഭാസമാണിത്. ഭൂകമ്പങ്ങൾക്ക് മുമ്പോ ശേഷമോ ഇവ പ്രത്യക്ഷപ്പെടാറുമുണ്ട്. ഭൂകമ്പങ്ങള്‍ സൃ്ഷ്ടിക്കുന്ന സമ്മര്‍ദ്ദം മൂലം ഭൂമിയുടെ പുറംതോടിൽ വൈദ്യുത ചാർജുകൾ സൃഷ്ടിക്കപ്പെടുകയും ഈ ചാര്‍ജുകള്‍‌ ഭൂമിക്കു മുകളിലുള്ള വായുവിനെ അയോണീകരിക്കുകയും ചെയ്യുന്നത് മൂലമാണ് ഈ പ്രകാശമുണ്ടാകുന്നതെന്നാണ് കരുതുന്നത്. എന്നിരുന്നാലും, ഈ പ്രതിഭാസത്തിന് ഇപ്പോഴും ശക്തമായ ശാസ്ത്രീയ വിശദീകരണമില്ലെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ പറയുന്നത്.

എര്‍ത്ത്ക്വേക്ക് ലൈറ്റ്സ് യഥാര്‍ഥത്തില്‍ ഉണ്ടോ എന്നതില്‍പോലും ജിയോഫിസിസിസ്റ്റുകൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഭൂകമ്പ സമയത്ത് വൈദ്യുതി ലൈനുകളിലും ട്രാന്‍സ്ഫോമറുകളിലുമുണ്ടാകുന്ന പൊട്ടിത്തെറി ആകാം ഇവയെന്നും ഒരു വാദമുണ്ട്. സീസ്മോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക 2014-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇത്തരത്തില്‍ ഭൂകമ്പം മൂലമുണ്ടായ 65ഓളം എര്‍ത്ത്ക്വേക്ക് ലൈറ്റ്സിനെ വിശകലനം ചെയ്യുന്നുണ്ട്. ഈ ഭൂകമ്പങ്ങളില്‍ 80% വും 5.0 തീവ്രതയിൽ കൂടുതുള്ളവയും കോണ്ടിനെന്‍റല്‍ റിഫ്റ്റ് പ്രദേശങ്ങളില്‍ സംഭവിച്ചവയുമാണ്. ഈ പ്രദേശങ്ങളിലെ ഭൂമിയില്‍ സമ്മർദ്ദം മൂലമുണ്ടാകുന്ന വൈദ്യുത പ്രവാഹങ്ങൾ വേഗത്തിൽ മുകളിലേക്ക് സഞ്ചരിക്കുന്നുണ്ടെന്നും ഇത് അന്തരീക്ഷത്തിൽ ദൃശ്യപ്രകാശം സൃഷ്ടിക്കുന്നുവെന്നുമാണ് സീസ്മോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button