ഇരിട്ടി: മാക്കൂട്ടം പുഴയോരത്ത് കേരളത്തിന്റെ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുടിയിറക്കാൻ കർണാടക നടത്തുന്ന നീക്കം സർക്കാർ ഗൗരവമായി കാണണമെന്ന് സണ്ണി ജോസഫ് എംഎൽഎ. കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിലെ താമസക്കാരുടെ പ്രയാസം മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. കർണാടകയുടെ കൈയേറ്റശ്രമങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.
അത് ഗൗരമായി എടുക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കിടയാക്കിയത്. ഇതിന് ചർച്ചയിലൂടെ പരിഹാരമുണ്ടാക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, പായം മണ്ഡലം പ്രസിഡന്റ് റയീസ് കണിയാറക്കൽ, ഡിസിസി അംഗം മട്ടിണി വിജയൻ, ഷൈജൻ ജേക്കബ്, ഫിലോമിന കക്കാട്ടിൽ, ബൈജു ആറാംചേരി, ജമീല നാസർ, ഹംസ നരോൻ തുടങ്ങിയവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.