സര്‍ക്കാര്‍ ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ കോവിഡനന്തര ചികിത്സ സൗജന്യമാണെന്നും പേ വാര്‍ഡില്‍ ദിനംപ്രതി 750 രൂപ നിരക്കാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ചതു പുനഃപരിശോധിക്കാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് നല്കിയ റിവ്യൂ ഹര്‍ജിയിലാണ് വിശദീകരണം. ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡനന്തര ചികിത്സയ്ക്ക് വന്‍നിരക്ക് ഏര്‍പ്പെടുത്തിയതിനെ നേരത്തേ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് ഇക്കാര്യം വിശദീകരിച്ചത്. കോവിഡ് ബാധിച്ച് ഏഴു ദിവസം മുതല്‍ പത്തു ദിവസം വരെ പിന്നിടുമ്പോള്‍ നെഗറ്റീവ് ആകുമെങ്കിലും കോവിഡാനന്തര രോഗങ്ങള്‍ രണ്ടാഴ്ച വരെ നീണ്ടു നില്ക്കും.
കോവിഡ് ചികിത്സ സൗജന്യമാണെങ്കിലും കോവിഡനന്തര ചികിത്സയ്ക്കു തുക നിശ്ചയിച്ചാല്‍ എങ്ങനെ താങ്ങാനാവുമെന്ന് നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.