രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെക്കുറിച്ച് ആഞ്ഞടിച്ച് ഡിവൈഎസ്പിയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്;വിവാദമായതോടെ കൈതട്ടി അറിയാതെ പറ്റിയ അബദ്ധമെന്ന് വിശദീകരണം

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് ഡിവൈഎസ്പിയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്. പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് സ്റ്റാറ്റസിട്ടത്. വാട്ട്‌സ്ആപ്പില്‍ ഫോര്‍വേഡായി വന്ന മെസേജ് ട്രെയിന്‍ യാത്രയ്ക്കിടെ അബദ്ധത്തില്‍ സ്റ്റാറ്റസ് ആയിപ്പോയതാണെന്നാണ് മനോജ് കുമാറിന്റെ വിശദീകരണം.ആരാധനാലയങ്ങളില്‍ വിഐപികള്‍ സന്ദര്‍ശനം നടത്തുന്നുവെന്ന പേരില്‍ ഒരു ഭക്തനേയും തടയരുതെന്ന കോടതി ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം എന്നുള്‍പ്പെടെ വിമര്‍ശിക്കുന്നതാണ് ഡിവൈഎസ്പിയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്. യൂണിഫോമിട്ട് ഉദ്യോഗസ്ഥര്‍ പതിനെട്ടാം പടി കയറിയത് ഉള്‍പ്പെടെയുള്ള ആചാരലംഘനങ്ങള്‍ നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിലായിരുന്നെങ്കിലോ എന്ന ചോദ്യവും ആ സ്റ്റാറ്റസിലുണ്ട്. ഇടത് മന്ത്രിമാരായിരുന്നെങ്കില്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും എന്തൊക്കെ പുകിലുണ്ടാക്കുമെന്നും ഈ മെസേജിലുണ്ട്. വിശ്വാസമല്ല പ്രശ്‌നം രാഷ്ട്രീയമാണെന്നും ഡിവൈഎസ്പിയുടെ സ്റ്റാറ്റസ് അടിവരയിടുന്നു. സംഭവം വിവാദമായതോടെ ഫോര്‍വേഡ് മെസേജ് എന്ന് പറഞ്ഞ് തടിയൂരുകയാണ് ഡിവൈഎസ്പി.




