ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകരെ വാഹനമിടിപ്പിച്ചും വെടിവെച്ചും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. രാജ്യവ്യാപകമായി കര്‍ഷകര്‍ കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളുമെടുത്ത് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയാണ്.
കൂട്ടക്കൊലപാതകം നടത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ തിങ്കളാഴ്ചയാണ് യുപി പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തത്. മകന്‍ ആശിഷ് മിശ്രയ്‌ക്ക് അക്രമവുമായി ബന്ധമുണ്ടെന്ന കര്‍ഷകരുടെ ആരോപണം നിഷേധിച്ച് മന്ത്രി അജയ് മിശ്ര രംഗത്ത് വന്നിരുന്നു.