Uncategorized

‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് കള്ളക്കേസ്;ഇത് വരെ ഇരകള്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് കൊടിക്കുന്നില്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്ന കേസ് കള്ളക്കേസാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇത് വരെ ഇരകള്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്നെങ്ങനെ സര്‍ക്കാരിന് കേസ് എടുക്കാന്‍ കഴിയും?. രാഹുലിന് കോടതിയെ സമീപിക്കാവുന്നതാണ്. കോടതിയുടെ മുന്നില്‍ എത്തുമ്പോള്‍ തള്ളി പോവുന്ന പല കേസുകളും നമ്മള്‍ കണ്ടിട്ടുണ്ടല്ലോയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

നിയമപരമായി നേരിടേണ്ട വിഷയമാണ്. രാഹുല്‍ തീരുമാനിക്കേണ്ട വിഷയം. രാഹുലിനെതിരെ നടപടിയെടുത്ത് പുറത്തു നിര്‍ത്തിയിരിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ലൈംഗിക അതിക്രമക്കേസില്‍ രാഹുലിനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഇതുവഴി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം ചെയ്ത സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ പ്രധാന തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ ഭയം കാരണം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. പരാതി നല്‍കുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത വിവരം പങ്കുവെയ്ക്കാന്‍ കഴിഞ്ഞ ദിവസം അസാധാരണ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു എന്നാണ് പൊലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ മെസ്സജേുകളയച്ചതിനും ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ പൊലീസ് അറിയിച്ചത്.

ബിഎന്‍എസ് 78(2), ബിഎന്‍എസ് 351, കേരള പൊലീസ് ആക്ട് 120 (ഛ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികള്‍ പരിശോധിച്ചതില്‍ നിന്നും അവ കോഗ്‌നൈസിബിള്‍ ഒഫന്‍സില്‍ ഉള്‍പ്പെട്ടതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button