Uncategorized

ഗോവയിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികൾ; അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ടൂറിസം വകുപ്പ്

ദില്ലി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ​ഗോവ. വിദേശ വിനോദസഞ്ചാരികളും ​ഗോവയിലേയ്ക്ക് ധാരാളമായി എത്താറുണ്ട്. ഇപ്പോൾ ഇതാ ഈ വർഷം ​ഗോവയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിലെ അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്.

2025 ജനുവരി മുതൽ ജൂൺ വരെ 54.55 ലക്ഷം ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളാണ് ​ഗോവയിലെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 51.84 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും 2.71 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. റെക്കോർഡ് വർദ്ധനവാണിതെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. ജനുവരിയിലാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ​ഗോവയിലെത്തിയത്. ഇതിൽ 9.86 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും 70,000 ത്തോളം അന്താരാഷ്ട്ര വിനോദസഞ്ചാരികളുമുണ്ട്. ഫെബ്രുവരിയിൽ 9.05 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. ഇതിൽ 8.44 ലക്ഷം ഇന്ത്യയിൽ നിന്നുള്ളവരും 61,000 ത്തിലധികം അന്താരാഷ്ട്ര വിനോദസഞ്ചാരികളുമാണ്. മാർച്ചിൽ 8.89 ലക്ഷം വിനോദസഞ്ചാരികൾ ​ഗോവയിലെത്തി. ഇതിൽ 8.32 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളാണ്. ഏകദേശം 56,000 അന്താരാഷ്ട്ര വിനോദസഞ്ചാരികളും ഉൾപ്പെടുന്നു.

ഏപ്രിലിൽ 8.14 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും 28,000 അന്താരാഷ്ട്ര വിനോദസഞ്ചാരികളും ഉൾപ്പെടെ 8.42 ലക്ഷം വിനോദസഞ്ചാരികൾ ​ഗോവയിലെത്തിയിട്ടുണ്ട്. മെയ് മാസത്തിൽ 9.27 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. ഇതിൽ 8.97 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും ഏകദേശം 30,000 വിദേശ സഞ്ചാരികളും ഉൾപ്പെടുന്നു. ജൂണിൽ ആകെ 8.34 ലക്ഷം സഞ്ചാരികളാണ് എത്തിയത്. ഇതിൽ 8.08 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും ഏകദേശം 25,000 അന്താരാഷ്ട്ര വിനോദസഞ്ചാരികളും ഉൾപ്പെടുന്നുവെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വക്താവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button