Uncategorized

വിപ്ലവ നേതാവിന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.

മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

1923ൽ പുന്നപ്രയിലെ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്ച്യുതാനന്ദന്റെ ജനനം. ദുരിതപൂർണ്ണമായ ബാല്യമായിരുന്നു വിഎസ് അച്യുതാനന്ദന്റേത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും വസൂരി ബാധിച്ച് അച്ഛനും അമ്മയും വിഎസിന് നഷ്ടമായി. പിന്നീട് സഹോദരിയുടെയും മറ്റ് ബന്ധുക്കളുടെയും തണലിലായിരുന്നു ജീവിതം. ജീവിത ദുരിതങ്ങളെ തുടർന്ന് വി എസിന് ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. പിന്നീട് സഹോദരൻ്റെ ജൗളിക്കടയിൽ സഹായായി. ജൗളിക്കടയിൽ സഹായായി. ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേരുന്നതോടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുന്നത്. 17ാം വയസ്സിൽ അന്ന് നിരോധിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. അന്ന് കയർ ഫാക്ടറി തൊഴിലാളിയായിരുന്ന വി എസ് അച്യുതാനന്ദൻ പി കൃഷ്ണപിള്ള, ആർ സുഗതൻ, സി ഉണ്ണിരാജ എന്നിവരുടെ പാർട്ടി ക്ലാസുകളിൽ പങ്കെടുത്തതോടെ തിരുവിതാംകൂറിലെ തൊഴിലാളി സമരങ്ങളുടെ ഭാഗമായി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button